കാലാവസ്ഥാ വ്യതിയാനത്തില്‍ ഹിതപരിശോധന നടത്താന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കാന്പയിൻ
Friday, November 29, 2019 2:26 AM IST
സൂറിച്ച്: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിയമ നിര്‍മാണം നടത്തുന്നതിന് ജനഹിത പരിശോധന നടത്താന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സിഗ്നേച്ചര്‍ കാന്പയിൻ പുരോഗമിക്കുന്നു. ഇതിനകം 112,000 പേര്‍ ഇതില്‍ ഒപ്പു വച്ചു കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന് ഹിത പരിശോധന നടത്തേണ്ടി വരും. ഒരു ലക്ഷം പേർ ഒപ്പുശേഖരണം നടത്തിയാൽ ഹിതപരിശോധന പരിഗണിക്കണമെന്നാണ് പ്രത്യക്ഷ ജനാധിപത്യം നിലവിലുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ നിമയം. ഫെഡറല്‍ കൗണ്‍സിലിനും എക്സിക്യൂട്ടിവിനും ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാന്‍ കഴിയും.

ഹിതപരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ ഇതേ രൂപത്തില്‍ നടത്തുകയോ, സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എതിര്‍ വാദം കൂടി ഉള്‍പ്പെടുത്തി നടത്തുകയോ ചെയ്യാം.

2050 ആകുന്നതോടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുകയും ചെയ്യാന്‍ സാധിക്കുന്ന നിയമ നിര്‍മാണമാണ് ക്യാംപെയ്നില്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ