ബർലിൻ മതിൽ പൊളിച്ചതിന്‍റെ മുപ്പതാം സ്മരണപുതുക്കി ജർമനി
Saturday, November 9, 2019 9:46 PM IST
ബർലിൻ: രണ്ടാം ലോകമഹയുദ്ധത്തിനൊടുവിൽ ജർമനിയെ രണ്ടായി വിഭജിച്ചിരുന്ന ബർലിൻ മതിൽ പൊളിച്ചതിന്‍റെ 30-ാം വാർഷികം പൊടിപൂരമായി ആഘോഷിക്കുകയാണ് നവംബർ ഒൻപതിന് ജർമനി.

മുഖ്യമായും തലസ്ഥാന നഗരിയായ ബർലിനിലാണ് ആഘോഷം നടക്കുന്നത്. ജർമൻ പ്രസിഡന്‍റ് വാൾട്ടർ സ്റ്റൈൻമയർ, ചാൻസലർ മെർക്കൽ, മറ്റു മന്ത്രിമാർ ഉൾപ്പടെ ജർമനിയിലെ സമുന്നത നേതാക്കൾക്കൊപ്പം യുറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലെയും പങ്കെടുക്കുന്ന പൊതുപരിപാടി നവംബർ ഒൻപതിന് വൈകുന്നേരം നടന്നു. ബർലിനിലെ ബ്രാൻഡൻബുർഗ് കവാടത്തിലാണ് പ്രധാന ആഘോഷ പരിപാടി. ലോകമെന്പാടും നിന്നും വിവിധ തുറകളിൽ നിന്നുള്ള കലാകാരന്മാരും സംഗീതഞ്ജരും അണിനിരക്കുന്ന ആഘോഷപരിപാടിക്ക് സാക്ഷ്യമേകാൻ ഒട്ടനവധിയാളുകളാണ് ബർലിനിലെത്തിയത്.

ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയൻമയർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുഖ്യാതിഥിയിരുന്നു. മതിൽപൊളിക്കാൻ മുൻകൈ എടുത്ത മുൻ ചാൻസലർ ഹെൽമുട്ട് കോളിനെ നേതാക്കൾ പ്രത്യേകം അനുസ്മരിച്ചു.

പ്രശസ്ത ബർലിൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ സംഗീതസന്ധ്യ ബ്രാൻഡൻബുർഗ് ഗേറ്റിൽ തടിച്ചുകൂടിയ ജനതതിയെ ആവേശം കൊള്ളിച്ചു.

പടിഞ്ഞാറൻ ജർമനിയിലേക്ക് ജനങ്ങൾ കടക്കാതിരിക്കാനാണ് 1961 ൽ കിഴക്കൻ ജർമനി ബർലിൻ മതിൽ നിർമിച്ചത്. കടുത്ത ദാരിദ്യ്രവും അസ്വാതന്ത്ര്യവും കാരണം മതിൽ ചാടിക്കടക്കാൻ ശ്രമിച്ച ആയിരത്തിലധികം ആളുകൾ വെടിയേറ്റ് മരിച്ചതായിട്ടാണ് കണക്ക്.

മതിൽ തകർക്കപ്പെട്ട ദിവസം മൂന്നു ലക്ഷത്തോളം കിഴക്കൻ ജർമൻകാർ പടിഞ്ഞാറൻ ജർമനിയിലേക്ക് ഓടിക്കയറിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

വിഭജനശേഷം കിഴക്കൻ ജർമനി കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലും റഷ്യയുടെ നിയന്ത്രണത്തിലുമായിരുന്നു. സോവിയറ്റ് യൂണിയൻ പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവിന്‍റെ പുനർവിചിന്തനമാണ് ബർലിൻ മതിലിന്‍റെ പതനത്തിനു വഴി തെളിച്ചത്.

1989 നവംബർ 9 നാണ് ജർമനിയെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചിരുന്ന മതിൽ ഇരുരാജ്യങ്ങളുടെയും സമ്മതപ്രകാരം പൊളിച്ചതും ഏകീകൃത ജർമനിയായി വീണ്ടും പ്രഖ്യാപിച്ചതും.

മതിൽ വീണതിന്‍റെ മുപ്പതാം വാർഷികത്തിന് മുൻ യുഎസ് പ്രസിഡന്‍റ് റൊണാൾഡ് റെയ്ഗന്‍റെ പൂർണ്ണകായ വെങ്കല പ്രതിമ ബർലിൻ നഗരത്തിലെ ബ്രാൻഡൻ ബുർഗ് കവാടത്തിന് സമീപം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അനാച്ചാദനം ചെയ്തു.

ബർലിൻ മതിലിന്‍റെ വീഴ്ച അനുസ്മരിച്ച് മെർക്കൽ

ബർലിൻ മതിൽ പൊളിച്ചതിന്‍റെ മുപ്പതാം വാർഷികത്തിൽ അന്നത്തെ സംഭവങ്ങൾ അനുസ്മരിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

മതിൽ പൊളിക്കലിലേക്കു നയിച്ച വ്യാഴാഴ്ച രാത്രി താനൊരു സോനയിലായിരുന്നു എന്നു മെർക്കൽ പറയുന്നു. അന്ന് അതായിരുന്നു വ്യാഴാഴ്ചകളിലെ പതിവ്. ആ സമയത്ത് ഈസ്റ്റ് ബർലിൻ അക്കാഡമി ഓഫ് സയൻസസിൽ ഫിസിസിസ്റ്റായിരുന്നു അവർ. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നില്ല.

ഹംബർഗിലാണ് ജനിച്ചതെങ്കിലും പൂർവ ജർമനിയിലാണ് മെർക്കൽ വളർന്നത്. മതിൽ പൊളിക്കുന്ന കാലത്തിനു മുൻപു തന്നെ ആദ്യ ഭർത്താവിൽ നിന്നു വേർപിരിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പേരാണ് ഇപ്പോഴും തന്‍റെ പേരിനൊപ്പം ഉപയോഗിച്ചു വരുന്നത്.

മതിൽ പൊളിക്കുന്ന ദിവസം 80 അകലെ താമസിക്കുന്ന അമ്മയ്ക്ക് ഫോണ്‍ ചെയ്തിരുന്നു. പൂർവ ജർമനിക്കാർക്ക് പശ്ചിമ ജർമനിയിലേക്കു കടക്കാൻ അനുമതിയായതായും അറിഞ്ഞിരുന്നു. എന്നാൽ, അതു യഥാർഥത്തിൽ സംഭവിക്കുമെന്ന് അധികമാരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, പൂർവ ജർമനിക്കാർ വെറുതേ അതിർത്തി കടക്കുക മാത്രമല്ല, മതിൽ പൊളിച്ചു തന്നെയാണ് അതു സാധ്യമാക്കിയത്.സോണയിലെ നീരാവിയേറ്റു താനിരിക്കുന്ന സമയത്തായിരുന്നു അതു സംഭവിച്ചതെന്നും മെർക്കൽ അനുസ്മരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ