ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം 9 ന് ബോൺമൗത്തിൽ
Thursday, November 7, 2019 6:28 PM IST
ബോൺമൗത്ത്, ലണ്ടൻ: ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം നവംബർ 9ന് (ശനി) ബോൺമൗത്തിലെ West Parley Memorial ഹാളിൽ നടക്കും.

കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെന്ന പോലെ തന്നെ ആതുരസേവന രംഗത്തും വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ചേതനയുടെ ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വൈകുന്നേരം നാലിന് സിപിഎം ദേശീയ സെക്രട്ടറി ഡോ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ചേതന പ്രസിഡന്‍റ് സുജൂ ജോസഫ് അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ ആന്ധ്രാ ഗവൺമെന്‍റ് ടെക്നിക്കൽ എഡ്യൂക്കേഷൻ കമ്മീഷണറും മലയാളിയുമായ ബാബു അഹമ്മദ് ഐഎഎസ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.

യുകെയിലാകമാനമുള്ള മലയാളികളുടെയാകെ ഐക്യപ്പെടലിന്‍റേയും ഒത്തുചേരലിന്റെയും പ്രതീകമായി മാറാൻ പോകുന്ന ഐക്യ കേരളത്തിന്‍റെ അറുപത്തിമൂന്നാമത് ജന്മദിനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തിൽ യുകെയിലെയും പ്രത്യേകിച്ച് ബോൺമൗത്ത് ഏരിയയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.കേരളത്തിന്‍റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന,പുരോഗമന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, യുകെ യുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.

ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടർ ഹാളിനകത്തു മുഖ്യ ആകർഷണമാകും.

ഹാളിന്‍റെ വിലാസം: West Parley Memorial Hall, 275 Christ Church Road, BH22 8SL

റിപ്പോർട്ട്: ലിയോസ് പോൾ