ഫ്രഞ്ച് പാർലമെന്‍റിന്‍റെ നിലവറയിൽ ഹിറ്റ്ലറുടെ പ്രതിമ
Saturday, September 7, 2019 8:32 PM IST
പാരീസ്: ഫ്രഞ്ച് പാർലമെന്‍റിന്‍റെ ഉപരിസഭയുടെ നിലവറയിൽ നിന്ന് നാസി ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ അർധകായ പ്രതിമ കണ്ടെത്തി. ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെനറ്റ് അറിയിച്ചു.

35 സെന്‍റീമീറ്റർ ഉയരമുള്ള പ്രതിമയ്ക്കൊപ്പം 3.2 മീറ്റർ വലുപ്പമുള്ള നാസി പതാകയും കണ്ടെടുത്തു. ഇങ്ങനെ എന്തെങ്കിലും ഇവിടെയുള്ളതായി താൻ അറിഞ്ഞിരുന്നില്ലെന്ന് സെനറ്റ് പ്രസിഡന്‍റ് ജെറാർഡ് ലാർച്ചർ പറഞ്ഞു. സെനറ്റ് ജീവനക്കാർ ഇതു മനഃപൂർവം മറച്ചുവച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ നിലവറ മുഴുവൻ വിശദമായി പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാസി അധിനിവേശ കാലത്തായിരിക്കാം പ്രതിമയും പതാകയും ഇവിടെ വച്ചതെന്നാണ് പ്രാഥമിക നിഗമനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ