ബോറിസ് ജോണ്‍സണ്‍ മേശയിൽ ചവിട്ടുന്ന ചിത്രം ചർച്ചയാകുന്നു
Saturday, August 24, 2019 9:10 PM IST
ലണ്ടൻ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചിരിക്കുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മേശമേൽ കാൽ ചവിട്ടി പിടിച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ജോണ്‍സന്‍റെ പ്രവൃത്തി അപമാനകരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

എന്നാൽ, ഇതിന്‍റെ വിഡിയോ പുറത്തു വന്നതോടെ കഥ മാറി. മാക്രോണ്‍ തമാശ പറഞ്ഞതു കേട്ട് ചിരിച്ചു മറിഞ്ഞ് ഒരു നിമിഷത്തേക്ക് ബോറിസ് സ്വയം മറന്ന് കാലെടുത്തു വച്ചതാണെന്ന് ഇതിൽ വ്യക്തമാണ്. ഈ മേശ കാൽ വയ്ക്കാനും ഉപയോഗിക്കാമെന്ന് മാക്രോണ്‍ വ്യക്തമായി പറഞ്ഞ ശേഷം ജോണ്‍സണ്‍ ചവിട്ടി നോക്കുന്നത് വിഡിയോയിൽ കാണാം.

അതേസമയം, ഒരു വിദേശ പ്രധാനമന്ത്രി ബെക്കിംഗ്ഹാം കൊട്ടാരത്തിൽ ചെന്ന് ഇങ്ങനെ കാലെടുത്തു വച്ചാൽ ഉണ്ടാകാവുന്ന പുകിലുകൾ ആലോചിച്ചു നോക്കൂ എന്നാണ് ഒരു സമൂഹ മാധ്യമ ഉപയോക്താവിന്‍റെ പ്രതികരണം. ബ്രിട്ടീഷ് രാജ്ഞി ഇതിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നറിയാൻ ആഗ്രിഹിക്കുന്നു എന്നാണ് മറ്റൊരു കമന്‍റ്.

ബ്രിട്ടീഷുകാർ തന്നെയാണ് ഇതിനെ അപലപിക്കുകയും വിമർശിക്കുകയും ചെയ്യുന്നവരിൽ ഏറെയും. പാരന്പര്യങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നതിലാണ് ഏറെപ്പേർക്കും വിഷമം. എന്നാൽ, പുതുതലമുറ നേതാക്കളിൽപ്പെടുന്ന മാക്രോണും ബോറിസും ഇതൊക്കെ കഴിവതും ലംഘിക്കാൻ തന്നെ ശ്രമിക്കുന്നവരാണെന്നത് യാഥാർഥ്യവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ