കുട്ടികളെ വീൽചെയറിലിരുത്തി ആനുകൂല്യം തട്ടിയ വീട്ടമ്മ പിടിയിലായി
Thursday, August 22, 2019 9:19 PM IST
ബെർലിൻ: ആരോഗ്യമുള്ള നാലു കുട്ടികളെ വീൽ ചെയറിലിരുത്തി 140,000 യൂറോയുടെ സർക്കാർ ആനുകൂല്യം അനധികൃതമായി കൈപ്പറ്റിയ കേസിൽ ലൂബെക്കിൽ നിന്നുള്ള നാൽപ്പത്തൊന്പതുകാരി പിടിയിലായി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.

കുട്ടികളെ ഡോക്ടറുടെ മുന്നിലും കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവർ തട്ടിപ്പു നടത്തി വന്നത്. 2010 മുതൽ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോൾ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്.

ഡോക്ടർമാർ പരിശോധനയ്ക്കു വരുന്പോൾ അമ്മ തങ്ങളെ മാനസികമായി സമ്മർദത്തിലാക്കിയിരുന്നു എന്നു ഒരു കുട്ടി പ്രോസിക്യൂട്ടർമാർക്കു മൊഴി നൽകിയതും ഏറെ കുരുക്കിലായി. ഭർത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉൾപ്പടെയാണ് സർക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ