സഞ്ജീവ് ലക്ഷങ്ങൾ നേടുന്ന ഇന്ത്യക്കാരനായ പൂ കച്ചവടക്കാരൻ
Saturday, August 17, 2019 8:13 PM IST
കൊളോണ്‍: സന്ധ്യമയങ്ങും നേരത്തും രാത്രിയുടെ ഇരുളിലും റോസ പൂക്കൾ വിറ്റ് ലക്ഷങ്ങൾ നേടുന്ന കൊളോണിലെ ഇന്ത്യക്കാരനായ സഞ്ജീവ് ശർമ്മ തന്‍റെ വിജയകരമായ ബിസിനസിന്‍റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്പോൾ ബിസിനസിൽ ബിരുദാനന്തര ബിരും ഉള്ളവർ പോലും ചിലപ്പോൾ നെറ്റിചുളിക്കും. കാരണം സഞ്ജീവ് എന്ന നാൽപ്പത്തിനാലുകാരന്‍റെ ഒറ്റയാൾ പോരാട്ടമാണ് ലക്ഷങ്ങൾ പോക്കറ്റിൽ എത്തിക്കുന്നത്. പ്രഫഷണൽ കച്ചവടക്കാരെപ്പോലും പിന്നിലാക്കുന്ന സഞ്ജീവിന്‍റെ റോസാപ്പൂ വില്പന പ്രതിവർഷം ഒരു ലക്ഷം യൂറോയ്ക്കും മുകളിലാണ്.

നഗരത്തിലെ പ്രധാന റസ്റ്ററന്‍റുകളിൽ കയറിയിറങ്ങിയാണ് സഞ്ജീവിന്‍റെ റോസാപ്പൂ വിൽപന. റസ്റ്ററന്‍റിൽ നിന്ന് റസ്റ്ററന്‍റിലേക്ക് ഒരു തീർഥാടനമെന്നപോലെ സന്ധ്യ മുതലുള്ള കച്ചവടം അർഥരാത്രി വരെ തുടരും.

പൂക്കളുടെ ബോബി എന്ന വിശേഷണത്തിൽ ജർമൻകാർക്കിടയിൽ അറിയപ്പെടുന്ന സഞ്ജീവ് കൊളോണ്‍ നഗരത്തിൽ സുപരിചിതനാണ്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ സഞ്ജീവ് നിത്യസന്ദർശകനാണ്. ഒരു ദണ്ഡ് പൂവിന് മൂന്നു മുതൽ അഞ്ചുവരെ യൂറോയാണ് വില. പ്രായഭേദമെന്യേ റോസാ പൂക്കൾ വാങ്ങുന്നവരാണ് അധികവും. വൈകുന്നേരങ്ങളിൽ പ്രണയിതാക്കളും സ്ത്രീപുരുഷ സ്നേഹിതരും റസ്റ്ററന്‍റുകളിൽ ഒത്തുകൂടി സൊറ പറയാനും പ്രണയം അരക്കിട്ടുറപ്പിയ്ക്കാനുമായി ഭക്ഷണമേശയ്ക്ക് ഇരുവശത്തുമിരുന്ന് പരസ്പരം സ്നേഹം പങ്കു വയ്ക്കുന്പോഴായിരിയ്ക്കും ഒരുകൈകൊണ്ട് മാറിൽ അടക്കിപ്പിടിച്ച പൂക്കെട്ടും മറുകൈയ്യിൽ ഹൃദയം കവരുന്ന സിംഗിൾ റോസാപ്പൂവുമായി സഞ്ജീവ് റസ്റ്ററന്‍റിലേയ്ക്കു കടന്നു വരുന്നത്. ഹൃദയരഹസ്യങ്ങൾ പങ്കിട്ടിരിക്കുന്ന കമിതാക്കളാവട്ടെ ആ നിമിഷം സഞ്ജീവിന്‍റെ ചൂണ്ടയിൽ കുടുങ്ങിയതു തന്നെ. യുവമിഥുനങ്ങൾ മാത്രമല്ല നവദന്പതികളും ജന്മദിനം ആഘോഷിക്കുന്നവരും ഒക്കെ സഞ്ജീവിന്‍റെ കസ്റ്റമേഴ്സ് ആവും എന്നതാണ് വസ്തുത.

ആവശ്യക്കാരുടെ താത്പര്യപ്രകാരം ഫോട്ടോയും എടുത്തു കൊടുക്കാറുണ്ട്.
ഹോളണ്ടിൽ നിന്നോ ചിലപ്പോൾ കൊളോണ്‍ നഗരത്തിലെ റോസാപ്പൂവിന്‍റെ മൊത്തവ്യാപാരിയിൽ (ഗ്രോസ് മാർക്കറ്റ്) നിന്നോ ആണ് സഞ്ജീവ് പതിവായി റോസാപൂക്കൾ വാങ്ങുന്നത്. ഒന്നേകാൽ യൂറോ മുതൽ ഒന്നര ‍യൂറോ വരെ കൊടുത്തു വാങ്ങുന്ന പൂക്കളാണ് ഇരട്ടി വിലയ്ക്കോ അതിനു മുകളിലുള്ള വിലയ്ക്കോ സഞ്ജീവ് വിൽക്കുന്നത്. ആഴ്ചയിൽ 500 റോസാപ്പൂക്കളാണ് വിൽക്കുന്നത്. പ്രതിവർഷം 25,000 റോസാ പൂക്കൾ വിറ്റഴിയ്ക്കുന്നതുവഴി ഒരു ലക്ഷം യൂറോയ്ക്കു മുകളിൽ സന്പാദിക്കുന്നുണ്ടെന്നാണ് സഞ്ജീവിന്‍റെ പ്രതികരണം. സർക്കാർ അംഗീകാരത്തോടെയുള്ള വില്പന പൊടിപൊടിക്കുന്പോൾ അതിനുള്ള നിയമാനുസൃതമായ നികുതിയും നൽകുന്നുണ്ടെന്നും സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നികുതികളും ചെലവുകളും കിഴിച്ചാലും പ്രതിവർഷം 25,000 യൂറോയുടെ ലാഭം നേടാൻ കഴിയുമെന്ന് സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു.

1994 ൽ ജർമനിയിൽ അഭയാർഥിയായി എത്തിയ സഞ്ജീവ് ജീവിതോപാധിയായി തുടങ്ങിയതാണ് റോസാപ്പൂ വിൽപ്പന. അന്ന് നഗര കാര്യാലയത്തിന്‍റെ അനുമതിയോടെ തുടങ്ങിയ പൂക്കച്ചവടത്തിലൂടെ നേടിയ സന്പാദ്യംകൊണ്ട് കഴിഞ്ഞ കൊല്ലം കൊളോണ്‍ നഗരത്തിൽ ഒരു ലഘു ഭക്ഷണശാലയും (ഇംബിസ്) സ്വന്തമാക്കി. ഭാര്യയെ കൂടാതെ മുന്നു തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. മൂന്നു മക്കളാണ് ഇദ്ദേഹത്തിന്.

രണ്ടര പതിറ്റാണ്ടിനോടടുത്ത കൊളോണിലെ ജീവിതത്തിനിടയിൽ ജർമൻ പൗരത്വവും നേടി. കച്ചവടത്തിനിടയിൽ ചിലപ്പോഴൊക്കെ ചിലയാളുകൾ തടസങ്ങൾ സൃഷ്ടിക്കുമെങ്കിലും ഭാവിയിൽ പൂക്കച്ചവടവടത്തിനൊപ്പം റസ്റ്ററന്‍റ് ബിസിനസും തുടരാണ് താൽപ്പര്യമെന്നും സഞ്ജീവ് പറയുന്നു.

സഞ്ജീവിനെപ്പോലെ മറ്റു രാജ്യക്കാരും പ്രത്യേകിച്ച് പാക്കിസ്ഥാനികളും അഫ്ഗാനികളും പൂക്കച്ചവടത്തിനായി കൊളോണിലെ തെരുവിൽ നടക്കുന്നുണ്ടെങ്കിലും സഞ്ജീവിന്‍റെ ഒപ്പം എത്താനാവുന്നില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ