സ്വീഡനിലെ സൗജന്യ ദിനപത്രം അടച്ചുപൂട്ടുന്നു
Tuesday, August 13, 2019 9:04 PM IST
സ്റ്റോക്ക്ഹോം: സ്വീഡനിലെ ഏറ്റവും വലിയ സൗജന്യ ദിനപത്രമായ മെട്രോ പ്രവർത്തനം അവസാനിപ്പിക്കുന്നു. ദീർഘകാലമായി തുടരുന്ന സാന്പത്തിക പ്രതിസന്ധികൾ കാരണം മാധ്യമ സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

ടിവി അഭിമുഖത്തിൽ മെട്രോയുടെ പ്രസാധകനും എഡിറ്റർ ഇൻ ചീഫുമായ തോമസ് എറിക്സണും ഇക്കാര്യം സ്ഥിരീകരിച്ചു. 24 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച മെട്രോ ഇക്കഴിഞ്ഞ ജൂണിൽ തന്നെ ജേണലിസ്റ്റുകളെ പിരിച്ചു വിടുന്ന വിവരം പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവർത്തകർ ഇനി തങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്നും മറ്റു സ്രോതസുകളിൽ നിന്നു ലഭിക്കുന്ന വാർത്തകൾ ഉപയോഗിച്ച് പ്രസിദ്ധീകരണം തുടരുമെന്നുമായിരുന്നു അന്ന് അറിയിച്ചിരുന്നത്.

മെട്രോയെ ഇനിയൊരു ഡിബേറ്റ് പ്ലാറ്റ്ഫോമിനുള്ള വെബ്സൈറ്റാക്കി മാറ്റാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. പണം ഈടാക്കി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയാവും രീതി. ആസ്ഥാനം ലണ്ടനിലേക്കു മാറും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ