ഇറ്റലിയിൽ ഡ്രൈവിംഗിനിടെ ഫോണ്‍ ചെയ്യുന്നവർക്ക് 1700 യൂറോ വരെ പിഴ ചുമത്തും
Thursday, April 18, 2019 12:37 AM IST
റോം: വാഹനം ഓടിക്കുന്പോൾ ഫോണ്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ഇറ്റലിയിൽ പിഴ കുത്തനെ ഉയർത്തുന്നു. റോഡുകളിൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ നടപടികളിലൊന്നാണിത്.

സാഹചര്യങ്ങൾ കണക്കിലെടുത്ത് 1700 യൂറോ വരെയായിരിക്കും വാഹനമോടിക്കുന്പോൾ ഫോണ്‍ ചെയ്യുന്നവർക്കുള്ള പിഴ. നിലവിലുള്ള പിഴയുടെ നാലു മടങ്ങ് വരും ഇത്. ഇതിനു പുറമേ ഒരാഴ്ച മുതൽ രണ്ടു മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ടാകും.
സ്മാർട്ട്ഫോണ്‍, ലാപ്ടോപ്പ്, നോട്ട്ബുക്ക്, ടാബ്ലറ്റ് സമാന ഉപകരണങ്ങൾ എന്നിവയെല്ലാം നിയമത്തിന്‍റെ പരിധിയിൽ വരും. വാഹനം ഓടിക്കുന്പോൾ കൈകൾ സ്റ്റിയറിംഗ് വീലിൽനിന്നു മാറാൻ പാടില്ലെന്നതാണ് ഇതിന്‍റെ അടിസ്ഥാനം.

ഒരിക്കൽ പിടിക്കപ്പെട്ടവർ കുറ്റം ആവർത്തിച്ചാൽ 2588 യൂറോ ആയിരിക്കും പിഴ. മൂന്നു മാസം വരെ ലൈസൻസ് സസ്പെൻഡും ചെയ്യും.

നിയമ ഭേദഗതിയുടെ കരട് ഇറ്റലിയിലെ മന്ത്രിമാർക്കെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഭേദഗതികൾ കൂടി പരിഗണിച്ച് മേയിലായിരിക്കും പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ