ആത്മീയ വെളിച്ചം പകർന്ന് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് പോളണ്ടിൽ സമാപിച്ചു
Friday, May 9, 2025 7:05 AM IST
ക്രാക്കോവ്: മലയങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് കോൺഫറൻസ് ആത്മീയ ഉണർവേകിയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി സമാപിച്ചു.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി. പോളീഷ് ഓർത്തഡോക്സ് സഭയുടെ റവ. ഡോ. വ്ലാഡിമിർ മുഖ്യാതിഥിയായിരുന്നു.
കുട്ടികൾക്കും യുവതിയുവാക്കൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ക്രമീകരിച്ച ക്ലാസുകൾക്കും ചർച്ചകൾക്കും വിവിധ പരിപാടിൾക്കും വിയന്നയിൽ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ.ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ.ഡോ. തോമസ് ജേക്കബ് മണിമല, റവ.ഫാ. എൽദോസ് വട്ടപറന്പിൽ, റവ. ഫാ. എൽജോ അവറാച്ചൻ, റവ.ഫാ. പോൾ പി. ജോർജ്, റവ.ഫാ. ബിജോ ഏലിയാസ്, റവ.ഫാ. രെഞ്ചു കുര്യൻ എന്നിവർ നേതൃത്വം നൽകി.

കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേകം നടത്തിയ പ്രോഗ്രാമുകൾക്ക് യൂറോപ്പ് ഭദ്യാസന സൺഡേ സ്കൂൾ ഡയറക്ടർ സുധീഷ് മാത്യു, സിന്ധു അബ്ജിൻ, വിനീത് വർഗീസ്, ലിയ എൽദോസ്, ലിസി മോൻസി, ജോമോൾ ജോഷി എന്നിവർ നേതൃത്വം നൽകി.
സമ്മേളത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. ഞായറാഴ്ച ക്രാക്കോവിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ വിശുദ്ധ ഫൗസ്റ്റിനയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്സി കത്തീഡ്രൽ ചാപ്പലിൽ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിക്കുകയും കോൺഫറൻസ് അംഗങ്ങൾ സംബന്ധിക്കുകയും ചെയ്തു.

യൂറോപ്പിലെ 13 രാജ്യങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവജനങ്ങൾ കടന്നുവരുന്ന പശ്ചാത്തലത്തിൽ സെക്കുലറിസത്തിന്റെയും അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും വിശാലമായ ലോകത്തിൽ ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും വിശ്വാസത്തിലും ആരാധനയിലും മൂല്യബോധങ്ങളിലും ഭദ്രമായ കുടുംബജീവിതത്തിലും പുതിയ സാഹചര്യങ്ങളിൽ അവരെ ഉറപ്പിച്ചു നിർത്താമെന്നുള്ളതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കോൺഫറൻസിന് ചീഫ് കോർഡിനേറ്റർ അഭി. ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഭദ്യാസന സെക്രട്ടറിയും കോൺഫറൻസ് ജനറൽ കൺവീനറുമായ വെട്ടിക്കാട്ടിൽ ജോഷ്വാ റന്പാൻ, ഭദ്യാസന പിആർഒ ജോളി തുരുത്തുമ്മേൽ, ക്രാക്കോവ് ഇടവകയുടെ കൺവീനേഴസ് ക്രിസ്റ്റോ യോഹന്നാൻ, അബ്ലിൻ എൽസൺ, വിനീത് തോമസ്, മറ്റു ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.