മേരിക്കുട്ടി ജെയിംസിന് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിടയേകും; സംസ്കാരം പിന്നീട്
Thursday, May 8, 2025 3:37 PM IST
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ അന്തരിച്ച നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിന്(68) വെള്ളിയാഴ്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിധ്യമായിരുന്ന മേരിക്കുട്ടിക്ക് വെള്ളിയാഴ്ച നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.
പൊതുദർശനം ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമങ്ങൾ ആരംഭിക്കും. നോർവിച്ചിൽ സെന്റ് ജോർജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും തിരുക്കർമങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004ലാണ് യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് സ്ഥാപക നേതാക്കളിലൊരാളായിരുന്നു. മേരിക്കുട്ടി ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും അനൂജ, സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും അനുശോചന സന്ദേശങ്ങൾ നൽകുകയും ചെയ്യും. തുടർന്ന് മൃതദേഹം തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടുപോകും.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതും നീണ്ടൂർ വി. മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസകരിക്കുന്നതുമാണ്.
പൊതുദർശനത്തിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും അനുശോചനം അർപ്പിക്കുന്നതിനും നിത്യശാന്തി നേരുന്നതിനുമുള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
വേദി: St. George's R C Church, Sprowston Road, Norwich, Norfolk, NR3 4HZ.