യുക്മ സാംസ്കാരിക്ക് പുതു നേതൃത്വം
Friday, May 9, 2025 6:08 AM IST
ലണ്ടൻ: യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു.
ലിറ്റി ജിജോയെ വൈസ് ചെയർമാനായും ബിനോ ആൻണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ ജനറൽ കൺവീനർമാരായുമാണ് നിയോഗിച്ചിരിക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനാണ് ഇവരെ നിയോഗിച്ചത്. യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്.
ബിനോ ആന്റണി ജനറൽ കൺവീനർ
യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന ബിനോ ആന്റണി യുക്മയുടെ തുടക്ക കാലം മുതൽ സംഘടനയുടെ സഹയാത്രികനാണ്. കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ മികച്ച ഒരു സംഘാടകൻ എന്ന നിലയിൽ യു കെ മലയാളികൾക്ക് സുപരിചിതനാണ് ബിനോ ആൻ്റണി.
യുക്മ ദേശീയ ട്രഷറർ എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ബിനോ ആൻ്റണി വെയിൽസ് റീജിയണിൽ യുക്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. 2022-25 കാലയളവിൽ യുക്മ ദേശീയ നിർവാഹക സമിതിയംഗമായി പ്രവർത്തിച്ച ബിനോ വെയിത്സിലെ കാർഡിഫിൽ താമസിക്കുന്നു.
അഡ്വ. ജാക്സൺ തോമസ് ജനറൽ കൺവീനർ
യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറായി ചുമതലയേൽക്കുന്ന അഡ്വ. ജാക്സൺ തോമസ് യു കെ യിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ്. തൻ്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ യു കെ മലയാളികൾക്ക് ചിരപരിചിതനായ ജാക്സൺ ഒരു മികച്ച സംഘാടകൻ കൂടിയാണ്.
2019 2022 കാലയളവിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റായിരുന്ന ജാക്സൺ കഴിഞ്ഞ ദേശീയ നിർവ്വാഹക സമിതിയിൽ നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള അംഗമായിരുന്നു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഈ നിയമ ബിരുദധാരി അഭിനേതാവ്, ഗാന രചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
മാഞ്ചസ്റ്ററിനടുത്ത് സാൽഫോർഡിൽ താമസിക്കുന്ന ജാക്സൺ സാൽഫോർഡ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ്, സീറോ മലബാർ സാൽഫോർഡ് മിഷൻ ട്രസ്റ്റി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ ക്രിസ്റ്റ്യൻ യൂണിയൻ ഫെയ്ത്ത് & ജസ്റ്റീസ് കമ്മീഷൻ അംഗമായും ജാക്സൺ സേവനമനുഷ്ഠിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ യുകെയിലെ മലയാളികളുടെ സർഗവാസനകളെയും സാംസ്കാരിക ചേതനയെയും പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുവരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രാപ്തരും പരിചയസമ്പന്നരുമായ നേതൃനിരയാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്ന് എബി സെബാസ്റ്റ്യൻ അറിയിച്ചു.