ഡിക്സ് ജോർജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്
Wednesday, May 7, 2025 5:31 PM IST
ലണ്ടൻ: യുക്മ ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജിനെ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 - 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ചവച്ച ഡിക്സ് ജോർജ് യുകെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ഒരു സംഘാടകനാണ്.
യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്, യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ, നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പടെ നിരവധി ചുമതലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഡിക്സ് യുക്മ കേരള പൂരം വള്ളംകളിയെ കൂടുതൽ ആകർഷണീയമാക്കുവാൻ പോന്ന ഒരു സംഘാടകനാണ്.
യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ ജനറൽ കൺവീനറുടെ ചുമതല വഹിച്ചിരുന്ന അഡ്വ. എബി സെബാസ്റ്റ്യൻ യുക്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിക്സ് ജനറൽ കൺവീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
യുകെയിൽ മലയാളികളുടെ ഒരു വള്ളംകളിയെന്ന ആശയം 2017ൽ യുക്മ മുന്നോട്ട് വച്ചപ്പോൾ നെറ്റി ചുളിച്ച ആളുകളെ അതിശയിപ്പിക്കുന്ന വിധത്തിൽ വള്ളംകളി വിജയകരമായി സംഘടിപ്പിച്ച യുക്മ, കഴിഞ്ഞ ആറ് സീസണുകളിലും ആ വിജയഗാഥ തുടർന്നു. ഇന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന ഇവന്റായി യുക്മ കേരള പൂരം വള്ളംകളി മാറിക്കഴിഞ്ഞു.
2025ലെ വള്ളംകളി മത്സരങ്ങൾ ഓഗസ്റ്റ് 30 ശനിയാഴ്ച ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്കിൽ തന്നെയായിരിക്കും നടക്കുന്നത്. യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ജനറൽ കൺവീനർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലൊക്കെ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുകയും ചെയ്തിട്ടുള്ള ഡിക്സ് ജോർജ്, കേരള പൂരം വള്ളംകളി ജനറൽ കൺവീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ പ്രാപ്തനാണെന്ന് യുക്മ ദേശീയ നിർവാഹക സമിതി വിലയിരുത്തി.
ഏറെ ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ഈ ചുമതലയിൽ വളരെ ഭംഗിയായി പ്രവർത്തിക്കുവാൻ ഡിക്സ് ജോർജിന് യുക്മ ദേശീയ സമിതി എല്ലാവിധ ആശംസകളും നേരുന്നു.