ഡബ്ലിനിൽ പിതൃവേദി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ജയ്സൺ കിഴക്കയിൽ
Thursday, May 8, 2025 10:59 AM IST
ഡബ്ലിൻ: എസ്എംസിസി ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ "Dad's Goal 2025' അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന് നടക്കും. ഡബ്ലിൻ ഫീനിക്സ് പാർക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ഒന്പത് മുതലാണ് മത്സരം.
ഈ വർഷം മുതൽ ആദ്യമായി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് "ജൂണിയർ ഫുട്ബോൾ ടൂർണമെന്റും(പ്രായം 16-25) ഇതേദിവസം നടത്തും. ഓരോ കുർബാന സെന്ററിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ഒരു ടീമിന് രജിസ്റ്റർ ചെയ്യാം.
ടീമിൽ കളിക്കുന്നവർ എല്ലാവരും അതാത് മാസ് സെന്ററിലെ അംഗങ്ങൾ ആയിരിക്കണം. യൂത്ത് ടൂർണമെന്റിൽ ആറ് ടീമുകൾ എങ്കിലും രജിസ്റ്റർ ചെയ്താൽ മാത്രമേ മത്സരം ഉണ്ടാവുകയുള്ളൂ.
മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും. ഡാഡ്സ് ഫുട്ബോൾ ടീമിന് 100 യൂറോയും യൂത്ത് ഫുട്ബോൾ ടീമിന് 50 യൂറോയും ആണ് രജിസ്ട്രേഷൻ ഫീസ്.