ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു
Wednesday, January 1, 2025 2:22 PM IST
ന്യൂഡൽഹി: ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഗുരുഗ്രാം എംഎൽഎ മുകേഷ് ശർമ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത പ്രസംഗത്തോടും ദീപം തെളിക്കൽ ചടങ്ങോടും കൂടിയാണ് പരിപാടി ആരംഭിച്ചത്.
മുകേഷ് ശർമ തന്റെ പ്രസംഗത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും മികവിനായി പരിശ്രമിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ, പ്രത്യേകിച്ച് സ്പോർട്സിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാസിക്കൽ, ഫോക്ക്, കൻറ്റെമ്പറെറി തുടങ്ങി വിവിധ നൃത്തരൂപങ്ങളിലൂടെ വിദ്യാർഥികളുടെ കഴിവുകൾ പ്രദർശിപ്പിച്ച "ഷൈൻ ബ്രൈറ്റ് ബി റിയൽ' എന്നതായിരുന്നു സാംസ്കാരിക പരിപാടിയുടെ പ്രമേയം.
ഗുരുഗ്രാം ഭദ്രാസനാധിപൻ തോമസ് മാർ.അന്തോണിയോസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പഠനത്തിലും കായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികളെയും ജീവനക്കാരെയും അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഫാ.ഡോ. സി.സി.ജോൺ, മാനേജർ ഫാ. വിനയാനന്ദ് ഒഐസിസി എന്നിവർ കായിക പ്രവർത്തന വിജയികൾക്കും അക്കാദമിക് മികവിനും ഉപഹാരം നൽകി. പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.