ഇശൽ ഓണം വർണാഭമായ പരിപാടികളോടെ അരങ്ങേറി
അനില്‍ സി. ഇടിക്കുള
Wednesday, November 20, 2024 3:57 PM IST
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ഇശൽ ഓണം മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിങ്ങനെ വർണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറി.
സിനിമാ നടൻ സെൻതിൽ കൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു. അബുദാബി കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ-ഷഹീ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്റൂഫ് കണ്ണൂർ, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോഓർഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ബേയ്പ്പുർ ബോട്ട് റസ്റ്റോറന്റ് മാനേജർ ഷിഹാജ് റഹീം, ഹാപ്പി ബേബി മൊബൈൽസ് ഉടമ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടിൽപ്പാലം സ്വദേശി കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
ഇശൽ ബാൻഡ് അബുദാബിയുടെ രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം ബെൻസർ ട്രാൻസ്പോർട്ട് ഉടമ മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രെഡിംഗ് ഉടമ ഒ.കെ. മൻസൂർ, ഡീപ് സീ ഫിഷ് ട്രെഡിംഗ് ഉടമ ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഷോയിൽ ഇൻസ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുത്തു. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസി മാത്യൂസ് നയിച്ച ഓണം തീം ഫാഷൻ ഷോയും അരങ്ങേറി.
ഇശൽ ബാൻഡ് അബുദാബി ഓർഗനൈസിംഗ് സെക്രട്ടറി അൻസർ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, മുഹമ്മദ് ഇർഷാദ്, വോളണ്ടിയർ ക്യാപ്റ്റൻ മുജീബ് എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.