കേരളാ ദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
അബ്ദുല്ല നാലുപുരയിൽ
Tuesday, November 19, 2024 11:33 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികളോടെ കേരളാ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി മലയാളി അസോസിയേഷനുകൾ കേരളത്തിന്റെ പരമ്പരാഗതവും വൈവിധ്യമാർന്നതുമായ കലാരൂപങ്ങൾ അവതരിപ്പിച്ചു.
ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടിയിൽ ആയോധനകലയായ കളരിപ്പയറ്റ്, അനുഷ്ഠാന കലാരൂപമായ തെയ്യം, തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, ഒപ്പന, ഗസൽ എന്നിവയുമുണ്ടായിരുന്നു.
മഹാരാജ മാർത്താണ്ഡവർമ, പഴശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്കരീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്കിറ്റുകളും മോണോലോഗുകളും അവതരിപ്പിക്കപ്പെട്ടു.
വിജയകരമായ ആഘോഷം സംഘടിപ്പിച്ചതിനും അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിനും അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.