സ്വ​കാ​ര്യ ഹ​ജ്ജ് സീ​റ്റ് റ​ദ്ദാ​ക്ക​ൽ: മോ​ദി​ക്കു സ്റ്റാ​ലി​ന്‍റെ ക​ത്ത്
Thursday, April 17, 2025 3:26 PM IST
ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ഹ​ജ്ജ് ക്വാ​ട്ട സൗ​ദി അ​റേ​ബ്യ വെ​ട്ടി​ക്കു​റ​ച്ച​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി.

ഗ​ൾ​ഫ് രാ​ജ്യ​ത്തെ അ​ധി​കാ​രി​ക​ളു​മാ​യി ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്ത് വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ ഹ​ജ്ജ് ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന 52,000 ഹ​ജ്ജ് സീ​റ്റു​ക​ളാ​ണു മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത്.

പെ​ട്ടെ​ന്നു​ള്ള ഈ ​തീ​രു​മാ​നം, ഇ​തി​ന​കം പ​ണ​മ​ട​യ്ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി സ്റ്റാ​ലി​ൻ ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക​ൾ​ക്കാ​യി 1,22,517 സീ​റ്റു​ക​ളും സ്വ​കാ​ര്യ ഹ​ജ്ജ് ക​മ്പ​നി​ക​ൾ​ക്കാ​യി 52,507 സീ​റ്റു​ക​ളു​മാ​ണു നീ​ക്കി​വ​ച്ചി​രു​ന്ന​ത്.


ഇ​തി​ൽ സ്വ​കാ​ര്യ ഹ​ജ്ജ് ക​മ്പ​നി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച സീ​റ്റു​ക​ളാ​ണു സൗ​ദി റ​ദ്ദാ​ക്കി​യ​ത്. സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ൻ സ്വ​കാ​ര്യ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും സൗ​ദി സ​ർ​ക്കാ​ർ നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.