അബുദാബി മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനം നടന്നു
Monday, May 23, 2022 3:58 PM IST
അനിൽ സി ഇടിക്കുള
അബുദാബി: മാർത്തോമാ യുവജനസഖ്യത്തിന്‍റെ പ്രവർത്തനോദ്ഘാടനം മാർത്തോമാ ഇടവക വികാരി റവ ജിജു ജോസഫ് നിർവഹിച്ചു. കാലം ചെയ്ത യു എ ഇ ഭരണാധികാരി ഷെയ്ഖ് ഖലിഫ ബിൻ സായിദ് അൽ നഹ്യാന് ആദരം അർപ്പിച്ചു കൊണ്ടും പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസകൾ നേർന്നുമുള്ള വീഡിയോ പ്രദർശനത്തിലൂടെയാണ് യോഗനടപടികൾ ആരംഭിച്ചത്.

പുതിയ പ്രവർത്തനവർഷത്തിൽ വിവിധ വിഷയങ്ങൾ ആസ്‌പദമാക്കി സെമിനാറുകൾ, എക്യുമെനിക്കൽ സംഗമം, കായികമേള, പ്രതിഭ സംഗമം , തൊഴിലാളി സംഗമം, കലാസന്ധ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യുവജനസഖ്യം 50 വർഷം പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും.

യുവജനസഖ്യം വൈസ് പ്രസിഡന്‍റ് റവ അജിത്ത് ഈപ്പൻ അധ്യക്ഷത വഹിച്ചു. മാത്യു എബ്രഹാം, അജിത്ത് എ ചെറിയാൻ, അജിത്ത് ഐസക്, സുനിൽ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജിനു രാജൻ (വൈസ് പ്രസിഡന്റ്), സാംസൺ മത്തായി ( സെക്രട്ടറി ) അനിത ടിനോ (വനിതാ സെക്രട്ടറി), ജേക്കബ് വർഗീസ് (ട്രഷറർ), എബി അലക്സ് (ജോയിൻറ്റ് സെക്രട്ടറി), അനീഷ് യോഹന്നാൻ (അക്കൗണ്ടന്‍റ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.