ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Monday, January 10, 2022 3:23 PM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ "ഉണർവ് 2022' എന്ന പേരിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കേരള വിംഗ് കലാവിഭാഗം കോ-ഓർഡിനേറ്റർ ദിനേശ്ബാബു സ്വാഗതം ‌ആശംസിച്ചു. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ലേബർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ ഇർഷാദ് അഹമ്മദ് മുഖ്യാഥിതിയായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.

തുടർന്നു തൃച്ചുർ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കേരള വിഭാഗം കലാ വേദി പ്രവർത്തകർ അവതിരിപ്പിച്ച ക്രിസ്മസ് കൊയർ, തീം ഡാൻസ്, നൃത്തങ്ങൾ, സ്കിറ്റ് എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി.കേരള വിംഗ് ട്രഷറർ ബാബുരാജ് നന്ദി പറഞ്ഞു. ‌‌

കേരള വിഭാഗം നിലവിൽ വന്നതു മുതൽ കഴിഞ്ഞ 21 വർഷമായി സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘടിപ്പിച്ച പരിപാടി ആയതിനാൽ ഹാളിൽ പ്രവേശനം പരിമിതമായ ആളുകൾക്ക് മാത്രമായിരുന്നു. പ്രവേശനം ലഭിക്കാത്തവർക്ക് പരിപാടികൾ കണ്ട് ആസ്വദിക്കുവാനായി കേരള വിഭാഗത്തിന്‍റെ ഫേസ്ബുക്ക് പേജിലും (Facebook.com/Keralawing) തൽസമയം സംപ്രേഷണം ചെയ്തിരുന്നു.

കേരള വിഭാഗത്തിന്‍റെ ഈ വർഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു.
വിവരങ്ങൾക്ക് 92338105 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

സേവ്യർ കാവാലം