ദുൽഖർ സൽമാന് ഗോൾഡൻ വീസ
Friday, September 17, 2021 2:04 PM IST
അബുദാബി: ടൂറിസം സാംസ്കാരിക വിഭാഗം ഏർപ്പെടുത്തിയ പത്തുവർഷം കാലാവധിയുള്ള ഗോൾഡൻ വീസ മലയാളത്തിന്‍റെ യുവ നടൻ ദുൽഖർ സൽമാൻ സ്വന്തമാക്കി.

ടൂറിസം ആൻഡ് സാംസ്കാരിക വിഭാഗത്തിന്‍റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സെക്രട്ടറി സയിദ് അബ്ദുൽ അസീസ് അൽ ഹൊസാനി, ദുൽഖർ സൽമാന് ഗോൾഡൻ വിസ സമ്മാനിച്ചു. ചടങ്ങിൽ ടു ഫോർ ഫിഫ്റ്റി ഫോർ ഡയറക്ടർ ബദരിയ അൽ മസൂരി, ലൂലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ സംബന്ധിച്ചു.

ഇതോടെ ഗോൾഡൻ വീസ സ്വന്തമാക്കുന്ന മലയാളത്തിലെ അഞ്ചാമത്തെ നടനായി ദുൽഖർ സൽമാൻ. മമ്മൂട്ടി, മോഹൻലാൽ, ടൊവീനോ, പൃഥിരാജ് എന്നിവരാണ് നേരത്തെ ഈ ബഹുമതിക്ക് അർഹരായവർ.

ദുൽഖർ ചെയ്യുന്ന മഹത്തായ പ്രവർത്തനത്തെ അൽ ഹൊസാനി അഭിനന്ദിക്കുകയും മേഖലയിലെ സിനിമാ നിർമാണത്തിന്‍റെ കേന്ദ്രമായി മാറാനുള്ള അബുദാബിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമാ വ്യവസായത്തെ അബുദാബിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം മലയാള സിനിമാ വ്യവസായത്തിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.

യൂസഫ് അലിയുടെ സാന്നിധ്യത്തിൽ സയിദ് അബ്ദുൽ അസീസിൽ നിന്ന് ഈ ബഹുമതി ലഭിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. അബുദാബി സർക്കാരിന്‍റെ ഭാവി പദ്ധതികൾ സിനിമയും നിർമാണ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകളെ പ്രാദേശികമായും അന്തർദേശീയമായും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അദ്ഭുതമായിരിക്കുന്നു. അബുദാബിയിലും യുഎഇയിലും നിർമാണങ്ങളും ചിത്രീകരണങ്ങളും പ്രതീക്ഷിക്കുന്നതായും ദുൽഖർ സൽമാൻ പറഞ്ഞു.