ഐ​സി​യു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന 90 ശ​ത​മാ​നം രോ​ഗി​ക​ളും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ
Monday, June 14, 2021 11:39 PM IST
ദു​ബാ​യ്: ദു​ബാ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന 90 ശ​ത​മാ​നം രോ​ഗി​ക​ളും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു ക​ടു​ത്ത സാ​ധ്യ​ത​യു​ള്ള​വ​രി​ൽ 20 ശ​ത​മാ​നം ആ​ളു​ക​ൾ വാ​ക്സി​ൻ ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല എ​ന്ന​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണെ​ന്നും ഡി​എ​ച്ച്എ​യു​ടെ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന 10 ൽ 8 ​രോ​ഗി​ക​ളും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രാ​ണെ​ന്ന് ഡി​എ​ച്ച്എ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ല​വി അ​ൽ ഷെ​യ്ഖ് അ​ലി അ​റി​യി​ച്ചു. ദു​ബാ​യി​ൽ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു സാ​ധ്യ​മാ​യ​വ​രി​ൽ 83 ശ​ത​മാ​ന​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ 6 മാ​സ​ങ്ങ​ൾ കൊ​ണ്ട് 2.3 മി​ല്യ​ണ്‍ ആ​ൾ​ക്കാ​രാ​ണ് ദു​ബാ​യി​ൽ മാ​ത്രം വാ​ക്സി​ൻ എ​ടു​ത്ത​ത്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു ക​ടു​ത്ത സാ​ധ്യ​ത​യു​ള്ള​വ​രി​ൽ 20 ശ​ത​മാ​നം ആ​ളു​ക​ൾ വാ​ക്സി​ൻ ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല എ​ന്ന​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​യാ​ണ് ഭാ​വി​യി​ൽ സം​ജാ​ത​മാ​കു​ന്ന​തെ​ന്ന് ഡോ. ​അ​ല​വി ചൂ​ണ്ടി​ക്കാ​ട്ടി .

ദു​ബാ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ വാ​ക്സി​നു​ക​ളും മെ​ച്ച​പ്പെ​ട്ട ഫ​ലം ന​ൽ​കു​ന്ന​താ​യും കോ​വി​ഡ് രോ​ഗി​ക​ളി​ൽ 93 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കേ​ണ്ട ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ച​താ​യും പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള