"ഖുബ്ബ മലൈബാരി മനുഷ്യപ്പറ്റിന്‍റെ ആള്‍രൂപം'
Monday, October 19, 2020 8:43 PM IST
ജിദ്ദ: ഉദാത്തമായ മനുഷ്യപ്പറ്റിന്‍റേയും നിസ്വാര്‍ഥമായ ജനസേവനത്തിന്‍റേയും ആള്‍രൂപമായിരുന്നു അന്തരിച്ച ഷെയ്ഖ് അബ്ദുല്ല മുഹ്‌യദ്ദീന്‍ മലൈബാരിയെന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വേദഗ്രന്ഥത്തിന്‍റെ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനും പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം അര നൂറ്റാണ്ടിലേറെക്കാലം നടത്തിയ നിസ്തുല സേവനങ്ങളെ ചടങ്ങിൽ പ്രസംഗിച്ചവർ പ്രകീര്‍ത്തിച്ചു.

ഖുബ്ബ മലൈബാരി എന്നറിയപ്പെട്ടിരുന്ന മക്കയിലെ മലൈബാരി സമൂഹത്തിലെ ഈ കാരണവരുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ “വിട പറഞ്ഞ വഴിവിളക്ക്” എന്ന ശീര്‍ഷകത്തില്‍ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) ആണ് സൂം സെഷന്‍ സംഘടിപ്പിച്ചത്.

പതിമൂന്നാം വയസില്‍ അനാഥനായതോടെ പ്രാരാബ്ധങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം നേടുകയും ഹാജിമാരെ സേവിക്കുന്നതിലും കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനം പകരുന്നതിലും ആത്മസായൂജ്യം കണ്ടെത്തുകയും ചെയ്ത ഖുബ്ബ, എല്ലാവര്‍ക്കും മാതൃകാപുരുഷനായിരുന്നു. നൂറ്റാണ്ടോളമായി മക്കയിലെ മലൈബാരികളുടെ അഭിമാനവിജ്ഞാന ഗോപുരമായി തലയുയര്‍ത്തിനില്‍ക്കുന്ന മലൈബാരി മദ്രസയുടെ തലവനായിരുന്ന അദ്ദേഹം, മദ്രസ കേന്ദ്രീകരിച്ച് നടന്ന എല്ലാ വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ചാലകശക്തിയായിരുന്നുവെന്ന് മലൈബാരി പ്രമുഖര്‍ അനുസ്മരിച്ചു.

ജിജിഐ പ്രസിഡന്‍റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. മൂന്നര പതിറ്റാണ്ടുനീണ്ട അധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ചശേഷമുള്ള മുഴുവന്‍ സമയവും ഖുര്‍ആന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനും അദ്ദേഹം ചെലവഴിച്ചതായി ബന്ധുവും നുസ്രത്തുല്‍ മസാകീന്‍ ട്രസ്റ്റ് സാരഥിയുമായ ശൈഖ് തലാല്‍ ബകുര്‍ മലൈബാരി അനുസ്മരിച്ചു.

മലൈബാരിയ മദ്രസ ഇപ്പോള്‍ മസ്ജിദുല്‍ ഹറാമിന്റെ ഭാഗമായ ശുബൈക്കയിലായിരിക്കേ, നാല് പതിറ്റാണ്ടുമുമ്പ്‌ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന ഓള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, മലൈബാരികളുടെ വിദ്യാഭ്യാസ ഉത്കര്‍ഷത്തിനുവേണ്ടി ഖുബ്ബ മലൈബാരി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ചു. കഠിനാധ്വാനികളായ മലൈബാരികളുമായുള്ള ദീര്‍ഘകാല ബന്ധത്തെ അനുസ്മരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദലി, മലൈബാരി - മലയാളി ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിന് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.

മക്ക വിദ്യാഭ്യാസ വകുപ്പ്‌ മേധാവിയുടെ ഉപദേഷ്ടാവ് ശൈഖ് ആദില്‍ ബിന്‍ ഹംസ മലൈബാരി, മലൈബാരി മദ്രസ സൂപ്പര്‍വൈസര്‍ ജഅ്ഫര്‍ മലൈബാരി, ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി, മൊസാകോ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി, ഫൈസല്‍ മലൈബാരി, സുഫ് യാന്‍ ഉമര്‍ മലൈബാരി, സല്‍മാന്‍ മലൈബാരി, കരീം മലൈബാരി എന്നീ മലൈബാരി പ്രമുഖരും ശൈഖ് ഖുബ്ബയുടെ മക്കളായ തുര്‍ക്കി അബ്ദുല്ല, ഫഹദ് അബ്ദുല്ല എന്നിവരും സംസാരിച്ചു.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആലുങ്ങല്‍ അഹമദ്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, വ്യവസായ പ്രമുഖന്‍ മുല്ലവീട്ടില്‍ സലീം, ജിജിഐ ട്രഷറര്‍ പി.വി ഹസന്‍ സിദ്ദീഖ് ബാബു, വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.

ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും സെക്രട്ടറി സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. ഖുബ്ബ മലൈബാരിയുടെ ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്‍ററി അവതരിപ്പിച്ചു. സഹല്‍ കാളമ്പ്രാട്ടിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സൂം സെഷന്‍ നൗഫല്‍ പാലക്കോത്തും ഗഫൂര്‍ കൊണ്ടോട്ടിയും നിയന്ത്രിച്ചു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ