ഹേമന്ദ് പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു
Wednesday, July 8, 2020 6:55 PM IST
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവുമായ ഹേമന്ദ് പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ ഹേമന്ദ്,
2008-ലാണ് സൗദിയിലെ റിയാദിലെ ഡെൽറ്റ ഇന്‍റർനാഷണൽ ഫാഷൻ കമ്പനിയിൽ ജോലിക്കായി എത്തുന്നത്. ആരോഗ്യകാരണങ്ങളും കമ്പനിയിൽ സൗദിവത്ക്കരണം ശക്തമായതുമാണ് നാട്ടിലേക്ക് മടങ്ങാൻ ഹേമന്ദിനെ പ്രേരിപ്പിച്ചത്.

നവോദയയുടെ ബത്ത യൂണിറ്റ് കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും സജീവമായി പ്രവർത്തിക്കുന്ന ഹേമന്ദ് കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ ബത്തയിലും പരിസരത്തും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന നിരവധിയാളുകൾക്ക് നേരിട്ട് ഭക്ഷ്യോൽപ്പന്ന കിറ്റുകളും മരുന്നുകളും വിതരണം ചെയ്തിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള ഹേമന്ദ് നവോദയയുടെ ദശോത്സവം പരിപാടി ഉൾപ്പെടെ നിരവധി പരിപാടികളുടെ സംഘടകനുമായിരുന്നു.

2014 മുതൽ നവോദയയുടെ സജീവ പ്രവർത്തകനായി മാറിയ ഹേമന്ദ് ബത്ത യൂണിറ്റിന്റെ ഭാരവാഹിയാവുകയും തുടർന്ന് നവോദയ സെൻട്രൽ കമ്മിറ്റി, സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലേക്ക് ഉയരുകയും ചെയ്തു. മികച്ചൊരു അഭിനേതാവുകൂടിയായ അദ്ദേഹം നവോദയ വേദികളിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ നാടകങ്ങളിലും സംഗീത ശിൽപം, നിഴൽ നാടകം അവതരണങ്ങളിലും വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിരുന്നു. അനിൽ പനച്ചൂരാൻ കവിയുടെ മുൻപിൽ അദ്ദേഹത്തിന്റെ തന്നെ കവിതയെ ആസ്‍പദമാക്കി ചെയ്ത "അനാഥൻ" എന്ന കവിതാവിഷ്കാരത്തിലെ വേഷം പ്രശംസ പിടിച്ചുപറ്റി.

നാട്ടിലായിരുന്നപ്പോൾ ഇടതുപക്ഷ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന ഹേമന്ദ് നാട്ടിൽ തിരിച്ചെത്തിയശേഷവും സ്വന്തം പാർട്ടി പ്രവർത്തനവുമായി തുടരും.

ഭാര്യ: വിജി. മക്കൾ: രേഷ്മ, അഞ്ജന.

ഹേമന്ദിനും റിയാദിൽ അറിയപ്പെടുന്ന ഗായകനും നവോദയ ബത്ത യൂണിറ്റ് അംഗവുമായ ജഹാൻഷാക്കും സംഘടനാ ഓൺലൈൻ യാത്രയയപ്പ് വെള്ളിയാഴ്ച വൈകുന്നേരം നൽകുന്നു.