സൗദിയിൽ രോഗമുക്തി വർധിക്കുന്നു: ദിവസവും അരലക്ഷത്തിലേറെ ടെസ്റ്റുകൾ
Tuesday, July 7, 2020 5:09 PM IST
റിയാദ്: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച 4398 പേർ വൈറസ് ബാധയിൽ നിന്നും മോചനമായതോടെ രാജ്യത്തെ മൊത്തം രോഗ മുക്തരുടെ എണ്ണം ഒന്നരലക്ഷത്തോടടുത്തു. 52 പേർ കൂടി മരണത്തിന് കീഴടങ്ങിയ സൗദിയിൽ 1968 പേർക്കാണ് ഇതുവരെ മരണം സംഭവിച്ചത്.

സൗദിയിൽ 2,13,716 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 62114 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ 2254 പേർ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 4207 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

തിങ്കളാഴ്ച റിയാദിൽ 22 പേരാണ് മരിച്ചത്. ജിദ്ദ (10), മക്ക (7), മദീന (4), ദമാം (2), ഹഫൂഫ് (2), ബുറൈദ (1), തബൂക് (4) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ മരണം. ജിദ്ദയിൽ ഇതുവരെ 538 പേരും റിയാദിൽ 475 പേരും മക്കയിൽ 435 പേരുമാണ് ഇതുവരെ മരിച്ചത്. സൗദിയിലെ ചെറുതും വലുതുമായ ഇരുനൂറോളം പ്രദേശങ്ങളിൽ ഇതുവരെ രോഗം പടർന്നു പിടിച്ചിട്ടുണ്ട്.

പുതിയ രോഗികൾ ഖതീഫ് 437, ഖമീസ് മുശൈത് 364, റിയാദ് 330, ദമാം 293, തായിഫ് 279, ഹൊഫൂഫ് 242, ജിദ്ദ 209, മുബറസ് 171, മക്ക 147, നജ്‌റാൻ 133, തബൂക് 101, ഹഫർ അൽ ബാത്തിൻ 70, അൽകോബാർ 69, അബഹ 65, ഹായിൽ 65, ജുബൈൽ 64, അറാർ 61, മദീന 59, ദഹ്റാൻ 59, ബുറൈദ 53, ബെയിഷ് 52, സഫ്‌വ 46 എന്നിങ്ങനെയാണ്.

ഈ വർഷത്തെ ഹജ്ജിനു അനുമതി ലഭിക്കുന്ന ഹാജിമാരിൽ 70 ശതമാനവും സൗദിയിലുള്ള വിദേശികൾക്കായിരിക്കുമെന്നു ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി 10,000 ആഭ്യന്തര ഹാജിമാർക്കാണ് ഇത്തവണ അനുമതി ലഭിക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർക്ക് www.localhaj.haj.gov.sa എന്ന വെബ് സൈറ്റിൽ തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് ജൂലൈ 12 വരെ ഉണ്ടായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജിന് അപേക്ഷിക്കുന്നവരെ മാത്രമാണ് പരിഗണിക്കുക.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ