കുരുന്നുജീവനു തുണയാകാൻ ഓട്ടോ ഡ്രൈവർമാരുടെ കരുതൽ
1478167
Monday, November 11, 2024 4:35 AM IST
മുതലമട: നാലുവയസുകാരൻ ഉദയധീരന്റെ ചികിത്സക്കു സഹായഹസ്തവുമായി ഓട്ടോ ഡ്രൈവർമാർ. വിവിധ ദിവസങ്ങളിലായി ഓട്ടത്തിൽനിന്നു പിരിച്ചെടുത്ത തുക കൈമാറി.
35,600 രൂപയാണ് പത്ത് ഓട്ടോ ഡൈവർമാരും ചുമട്ടുതൊഴിലാളിയായ രാമദാസും എതാനും ദിവസങ്ങളിൽ പിരിച്ചെടുത്തത്.തുക മുതലമട പഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സതീഷ് എന്നിവർക്കു കൈമാറി. ഡിഎംഡി എന്ന ജനിതക രോഗം ബാധിച്ച മുച്ചങ്കുണ്ട് വിജയ് - രമ്യ ദമ്പതികളുടെ മകൻ ഉദയധീരനു വേണ്ടിയായിരുന്നു നാട്ടുകാരുടെ ഈ കരുതൽ. നണ്ടൻകിഴായയിലെ പത്ത് ഓട്ടോ ഡ്രൈവർമാരാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി ഓട്ടോറിക്ഷയുടെ മുന്നിൽ ബാനർ സ്ഥാപിച്ച് ധനസമാഹരണം നടത്തിയത്. ഓരോ ഓട്ടോറിക്ഷയിലും ഒരുകുടുക്ക സ്ഥാപിച്ച് യാത്രക്കാരിൽനിന്നും ലഭിക്കുന്ന ധനസഹായതുകയാണ് ചികിത്സാകമ്മിറ്റിക്കു കൈമാറിയത്.
എച്ച്. ആഷിഖ്, എ. മുഹമ്മദ് ഷരീഫ്, എസ്. നാസർ, ആർ. പ്രതീഷ്, എൻ. കൃഷ്ണൻകുട്ടി, സി. സുധീഷ്, എ. അബാസ്, എച്ച്. മുജീബ് റഹ്മാൻ, എം. റഷീദ് എന്നീ ഓട്ടോ ഡ്രൈവർമാരാണു സഹായഹസ്തവുമായി സർവീസ് നടത്തിയത്. തുക കൈമാറൽ ചടങ്ങിൽ എൻ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.