കാഞ്ഞിക്കുളം വാസുവിന്റെ വേറിട്ട രചനകൾ
1478370
Tuesday, November 12, 2024 5:27 AM IST
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: പ്ലാസ്റ്റിക്, പാഴ്വസ്തുക്കൾ, മാലിന്യം എന്നിവയിലൂടെ കലയുടെ ജീവത്തുടിപ്പ് സ്വായത്തമാക്കി ഇവിടെയൊരു കലാകാരൻ. രണ്ടുപതിറ്റാണ്ടുകാലത്തെ കലാസപര്യയെ കലയോടൊപ്പമുള്ള പോരാട്ടമെന്നാണ് കാഞ്ഞിക്കുളം കാപ്പുകാട് വീട്ടിലെ കലാകാരൻ വാസു സ്വയം വിശേഷിപ്പിക്കുന്നത്.
സമൂഹത്തിനു ഹാനികരമായ പ്ലാസ്റ്റിക് അടക്കമുള്ളവ പുനരുപയോഗിച്ചു മനോഹരവും ഉപയോഗപ്രദവുമായി വസ്തുക്കളാക്കാമെന്നു തെളിയിച്ച അത്രയേറെ നിർമിതികളാണ് വാസു പൂർത്തിയാക്കിയത്. കല്ലടിക്കോട് ജിഎൽപി സ്കൂളിലെ ചാച്ചാജി ശില്പവും വേലിക്കാട് എയുപി സ്കൂളിലെ ഗാന്ധിശില്പവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. വെറുമൊരു സംഭവമെന്നുപറഞ്ഞു തള്ളിക്കളയാവുന്ന പത്രവാർത്തയാണ് കൂലിപ്പണിക്കാരനായിരുന്ന വാസുവിനെ കലയിലേക്ക് അടുപ്പിക്കുന്നത്.
മലമ്പുഴ ജലാശയത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചുള്ള പത്രവാർത്ത പ്ലാസ്റ്റിക്കിനെതിരായ പോരാട്ടങ്ങളിലേക്കു വാസുവിനെ കൊണ്ടെത്തിച്ചു. ഇപ്പോൾ, മണ്ണിന്റെ ചാരുതയും സിമന്റിന്റെ ദൃഢതയുമെല്ലാം കലാസൃഷ്ടികളായി കിണർഭിത്തികളിലും മതിലുകളിലും വാസുവിന്റെ വിസ്മയനിർമിതികൾ പരിലസിക്കുകയാണ്.
ചരിത്ര, സാംസ്കാരിക, പുരാണപരവുമായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്ക സൃഷ്ടികളും. മലന്പുഴ ഉദ്യാനം, അഹല്യ കാന്പസ് എന്നിവിടങ്ങളിലെത്തുന്നവരെ അതിശയിപ്പിക്കുന്ന പല കലാസൃഷ്ടികളിലും വാസുവിന്റെ കരവിരുതുകാണാം.