പാലപ്പുറം റെയിൽവേ സ്റ്റേഷനു റെഡ് സിഗ്നൽ
1478173
Monday, November 11, 2024 4:35 AM IST
ഒറ്റപ്പാലം: നിലനിൽപ്പുതന്നെ അവതാളത്തിലായ പാലപ്പുറം റെയിൽവേ സ്റ്റേഷനു റെഡ് സിഗ്നൽ. വരുമാനക്കുറവുമൂലം ഏറ്റെടുത്തുനടത്താൻ ആളില്ലാത്തതാണ് പാലപ്പുറം ഹാൾട്ട് സ്റ്റേഷൻ നേരിടുന്ന ഭീഷണി. ഇതു പരിഹരിക്കാൻ യാത്രക്കാരുടെ കൂട്ടായ്മ ശ്രമങ്ങളാരംഭിച്ചു.
പ്രദേശത്തെ 25 സ്ഥിരംയാത്രക്കാരുടെ കൂട്ടായ്മയാണ് സ്റ്റേഷന്റെ നിലനിൽപ്പിനായി ശ്രമം തുടങ്ങിയിട്ടുള്ളത്. യോഗംചേർന്ന് ഓദ്യോഗികമായ കൂട്ടായ്മയാക്കാനുള്ള നടപടി ഇവർ തുടങ്ങിയിട്ടുണ്ട്.
ശേഷം സ്റ്റേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡിവിഷണൽ റെയിൽവേ മാനേജരെ നേരിൽക്കണ്ട് ആവശ്യമറിയിക്കാനാണ് പദ്ധതി. ഇതിനെല്ലാം മുന്നോടിയായി, വരുമാനവും യാത്രക്കാരും ഉണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടിയാണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്.
ഓൺലൈൻ സംവിധാനങ്ങളുണ്ടെങ്കിലും ടിക്കറ്റും സീസൺ ടിക്കറ്റും ഇവിടെനിന്നുതന്നെ എടുക്കണമെന്നാണ് ഇവർ മറ്റ് യാത്രക്കാർക്ക് നൽകിയ നിർദേശം. കഴിഞ്ഞ 28നാണ് നിലവിലെ പാലപ്പുറം ഹാൾട്ട് റെയിൽവേ സ്റ്റേഷനിലെ ഏജന്റിന്റെ കാലാവധി പൂർത്തിയായത്.
സ്റ്റേഷൻ ഏജൻസി ഏറ്റെടുക്കാൻ റെയിൽവേ അപേക്ഷ ക്ഷണിച്ചെങ്കിലും ആരുമെത്തിയില്ല. ഇതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. തത്കാലത്തേക്ക് ടിക്കറ്റ് വില്പന കേന്ദ്രം പ്രവർത്തിക്കാൻ റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഏജന്റിനെ കിട്ടാത്ത സാഹചര്യത്തിൽ നിലവിലെ സംവിധാനം തുടർന്നുപോകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.
85വർഷം പഴക്കമുള്ള സ്റ്റേഷനിൽ ഒമ്പതു ട്രെയിനുകൾക്കാണ് ദിവസവും സ്റ്റോപ്പുള്ളത്.
അടിസ്ഥാനസൗകര്യങ്ങൾ നന്നേ കുറവാണെങ്കിലും സ്റ്റേഷനിൽ കയറാനും ഇറങ്ങാനും രാവിലെയും വൈകീട്ടും നിരവധി യാത്രക്കാരുണ്ട്.
എന്നാൽ, ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ കുറവാണ്. സീസൺടിക്കറ്റുകളെടുത്താണ് കൂടുതൽപേരും യാത്ര ചെയ്യുന്നത്. ദിവസം 200 രൂപയ്ക്കുള്ള ടിക്കറ്റുകൾമാത്രമാണ് ചെലവാകുന്നത്. ഇത് ഹാൾട്ട് സ്റ്റേഷൻ ഏജന്റുമാർക്ക് നഷ്ടമുണ്ടാക്കുന്നെന്നതാണ് പ്രശ്നം.