ഷൊർണൂർ മേഖലയിൽ നെൽകൃഷി കുറഞ്ഞു
1467383
Friday, November 8, 2024 5:06 AM IST
ഷൊർണൂർ: ഷൊർണൂരിൽ 154 ഹെക്ടർ നെൽകൃഷിയുടെ കുറവ്. രണ്ടാംവിള നെൽകൃഷിയിലാണ് ഈ കുറവ്. കാട്ടുപന്നിശല്യവും കൃഷിനഷ്ടവും കാരണമാണ് ഷൊർണൂർ ബ്ലോക്കിനുകീഴിൽ നെൽകൃഷിയിറക്കുന്ന കർഷകരുടെ എണ്ണം കുറഞ്ഞതെന്നാണ് നിഗമനം.
കഴിഞ്ഞവർഷം 2,918 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. ഇത്തവണ 2,764 ഹെക്ടർ പാടശേഖരത്തിൽ മാത്രമാണ് കൃഷിയിറക്കിയിരിക്കുന്നത്. 154 ഹെക്ടർ കുറവ്. ഏറ്റവും കൂടുതൽ കൃഷിയിറക്കിയിരിക്കുന്നത് അമ്പലപ്പാറ കൃഷിഭവനുകീഴിലാണ്. 400 ഹെക്ടർ പാടശേഖരത്തിലാണ് ഇത്തവണ രണ്ടാംവിള നെൽകൃഷിയിറക്കിയത്. കുറവ് തൃക്കടീരി കൃഷിഭവനു കീഴിലാണ് 156 ഹെക്ടറിൽ. ഒന്നാംവിള നെൽകൃഷിയും കൂടുതൽ അമ്പലപ്പാറ കൃഷിഭവന്റെ കീഴിലായിരുന്നു 230 ഹെക്ടറിൽ. അനങ്ങനടി-200, ചളവറ-240, ലക്കിടി-പേരൂർ-375, നെല്ലായ-235, ഒറ്റപ്പാലം-265, ഷൊർണൂർ-368, വല്ലപ്പുഴ-275, വാണിയംകുളം-250 ഹെക്ടറിലും രണ്ടാംവിള കൃഷിയിറക്കിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ രണ്ടാംവിള കൃഷിചെയ്തത് ലക്കിടി കൃഷിഭവനുകീഴിലെ പാടശേഖരത്തിലായിരുന്നു. 400 ഹെക്ടറിലായിരുന്നു കൃഷി. കഴിഞ്ഞവർഷം കർക്കിടകത്തിൽപോലും പാടശേഖരങ്ങൾ വരണ്ടുകിടക്കുന്ന സ്ഥിതിയായിരുന്നു. എന്നിട്ടും അവസാനഘട്ടത്തിൽ മഴ ലഭിച്ചതോടെ കൂടുതൽ കർഷകർ കൃഷിയിറക്കി.
എന്നാൽ കാട്ടുപന്നിശല്യവും കാലാവസ്ഥാ വ്യതിയാനവും നെല്ലുസംഭരണ പ്രശ്നവുമൊക്കെ കാരണം കർഷകർക്ക് വലിയനഷ്ടം വന്നതായി കൃഷിക്കാർ പറയുന്നു. ഇതോടെയാണ് പല കർഷകരും ഇത്തവണ കൃഷിയിറക്കുന്നതിൽനിന്നു പിൻവാങ്ങിയത്.