ദീപിക വാർത്ത ഫലംകണ്ടു ; വാളയാർ - വാണിയംപാറ ദേശീയപാതയിൽ കാഴ്ച മറയ്ക്കുന്ന പുൽക്കാടുകൾ വെട്ടിനീക്കിതുടങ്ങി
1467871
Sunday, November 10, 2024 2:54 AM IST
വടക്കഞ്ചേരി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വാളയാർ മുതൽ വാണിയംപാറ വരെയുള്ള ഭാഗത്ത് കാഴ്ച മറക്കുന്ന പുൽക്കാടുകൾ വെട്ടിനീക്കിതുടങ്ങി. ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴും അപകടങ്ങൾക്ക് കാരണമാകുന്ന പാതയോരത്തെ ഉയർന്ന പുല്ല് വെട്ടിനീക്കൽ പോലും നടത്തിയിട്ടില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച ദീപികയിൽ വാർത്ത നൽകിയിരുന്നു.
ഇതേ തുടർന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എഎംവിഐ ദേവിദാസൻ ഇടപ്പെട്ടാണ് ഇന്നലെ മുതൽ പാതയോരത്തെ പുൽക്കാട് വെട്ടൽ ആരംഭിച്ചിട്ടുള്ളത്. വാഹനങ്ങളുടെ കാഴ്ച മറക്കുന്ന പുല്ല് ഉൾപ്പെടെയുള്ള മറകൾ ഉടനടി നീക്കുമെന്നായിരുന്നു അധികൃതർ അന്ന് പറഞ്ഞിരുന്നത്. അതുണ്ടായില്ല.
മംഗലംപാലത്തിനടുത്ത് ദേശീയപാതയിലേക്ക് കയറുന്ന ബൈപാസ് റോഡിൽ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച കിട്ടാത്ത വിധമാണ് പൊന്തക്കാടുപോലെ പുല്ല് വളർന്നു നിൽക്കുന്നത്. ചില സമയങ്ങളിൽ ഇവിടെ വലിയ വാഹനങ്ങളും നിർത്തിയിടും. ഇത് ദേശീയ പാതയിലേക്ക് കയറുന്ന വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ കാഴ്ച മറക്കുന്ന അപകടസ്ഥലങ്ങൾ ദേശീയപാതയുടെ മറ്റിടങ്ങളിലുമുണ്ട്. ദേശീയപാത കൈയേറിയുള്ള വാഹന പാർക്കിംഗും കർശനമായി തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പഴയപടി തന്നെയാണ്.
പന്നിയങ്കര ടോൾ പ്ലാസയുടെ ഇരുഭാഗത്തും അരകിലോമീറ്റർ ദൂരമാണ് ചരക്കു ലോറികൾ ദേശീയ പാതയിൽ നിർത്തിയിടുന്നത്. വാളയാർ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിൽ മോട്ടോർ വാഹന വകുപ്പ് അതാത് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അഥോറിറ്റി എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് കഴിഞ്ഞ ഒക്ടോബർ 22 ന് സുരക്ഷാ പരിശോധന നടത്തിയത്.
പന്തലാംപാടത്ത് രണ്ട് വിദ്യാർഥികൾ മരിച്ചതുൾപ്പെടെ ദേശീയപാതയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുന്നതിനൊപ്പം വേണ്ടതായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കൂടിയായിരുന്നു പരിശോധന. ശബരിമല തീർഥാടന കാലം ആരംഭിക്കാനിരിക്കെ തീർഥാടക വാഹനങ്ങളുടെ തിരക്കുകൂടി പരിഗണിച്ച് പ്രധാനപ്പെട്ട അപകട സ്പോട്ടുകളിലാണ് പരിശോധന നടന്നിരുന്നത്.