മുനന്പം സമരക്കാർക്ക് ഐക്യദാർഢ്യവുമായി പാലക്കാട് രൂപത
1467869
Sunday, November 10, 2024 2:54 AM IST
പാലക്കാട്: റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന മുനന്പം പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലും രൂപതയിലെ വൈദികസമിതി, പാസ്റ്ററൽ കൗണ്‍സിൽ, എകെസിസി, മാതൃവേദി, വിൻസെന്റ് ഡി പോൾ, കെസിവൈഎം തുടങ്ങിയ വിവിധ സംഘടന പ്രതിനിധികളും നാളെ രാവിലെ 11 ന് സമരപന്തലിൽ എത്തും.
വിലകൊടുത്ത് ആധാരം ചെയ്തു വാങ്ങി രണ്ടും മൂന്നും തലമുറകൾ ആയി വീട്വെച്ച് താമസിക്കുന്ന പ്രദേശവാസികളെ വഖഫ് നിയമത്തിന്റെ മുൾമുനയിൽ നിർത്തി റവന്യൂ അവകാശങ്ങൾ നിഷേധിച്ച് കുടിയിറക്കും എന്ന ഭീഷണിക്കെതിരെ ശക്തമായ റിലേ ഉപവാസ സമരം നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശവാസികൾക്ക് നീതി നടപ്പാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് രൂപതയും സമരത്തിൽ പങ്കുചേരും.
കുറ്റകരമായ മൗനംപാലിച്ചും യഥാർഥ വസ്തുതകൾ മറനീക്കി പുറത്തുകൊണ്ടുവന്ന് നീതി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയും പ്രദേശവാസികളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് സർക്കാരും മറ്റു രാഷ്ട്രീയപാർട്ടികളും.
മുനന്പം നിവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുവോളം അവരോട് കൂടെ ശക്തമായ സമരപരിപാടികളുമായി പാലക്കാട് രൂപതയും ഉണ്ടാകുമെന്ന് പിആർഒ ഫാ. ജോബി കാച്ചപ്പിള്ളി അറിയിച്ചു.