ലക്കിടി റെയിൽവേ ഗേറ്റ് അടച്ചിടുന്നത് തുടർക്കഥ; യാത്രക്കാർ ദുരിതത്തിൽ
1467381
Friday, November 8, 2024 5:06 AM IST
ഒറ്റപ്പാലം: ലക്കിടിയിൽ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. തൃശൂർ ജില്ലയിലെ തിരുവില്വാമല, പാമ്പാടി അടക്കമുള്ള പ്രദേശങ്ങളിലുള്ളവർക്കും, ഐവർമഠം ശ്മശാനത്തിലെത്തുന്നവർക്കുമെല്ലാം കിലോമീറ്ററുകൾ ഏറെ ചുറ്റിവളഞ്ഞ് മായന്നൂർപാലം വഴി യാത്രചെയ്യേണ്ട അവസ്ഥയാണ്. ലക്കിടി റെയിൽവേ ലൈനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പാലം - തിരുവില്വാമല റോഡിൽ ലക്കിടിയിൽ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് പതിവായിരിക്കുകയാണ്.
3 മാസത്തിനിടയിൽ 3 തവണ ഗേറ്റ് അടച്ചുകഴിഞ്ഞു. നൂറുകണക്കിനു വാഹനങ്ങളാണു ഗേറ്റ് അടച്ചിടുന്ന വിവരം അറിയാതെ ഇതുവഴി വന്നു തിരിച്ചുപോകുന്നത്. ഓഗസ്റ്റ് മാസത്തിൽ 3 ദിവസം അടച്ചിരുന്നു. അതു പതിവ് പരിശോധനകൾക്കായിരുന്നു. കഴിഞ്ഞ മാസം 4 ദിവസം അടച്ചു. ഈ ആഴ്ചയിൽ 4 ദിവസം വീണ്ടും അടച്ചിട്ടിരിക്കയാണ്. റെയിൽവേ ട്രാക്ക് നവീകരിക്കുന്നതിനാണെങ്കിലും മേൽപ്പാലത്തിന്റെ ആവശ്യം വീണ്ടും ശക്തമായി. 80 ട്രെയിനുകൾ പതിവായി കടന്നു പോകുന്നതിനാൽ അറ്റകുറ്റപ്പണികൾ ട്രെയിനുകളുടെ തിരക്ക് അനുസരിച്ചാണു നടക്കുന്നത്. ട്രെയിനുകൾ വേഗംകുറച്ചു കടന്നു പോകുന്നെങ്കിലും റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പാതയായതിനാൽ ബസുകൾ ഗേറ്റിന്റെ ഇരുവശത്തു നിന്നു ട്രിപ്പ് എടുക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ റെയിൽവേ ഓവ് ചാലിലൂടെ സാഹസികമായി കടന്നുപോകുന്നുണ്ടെങ്കിലും യാത്രാക്ലേശം നിലനിൽക്കുന്നു. ഭാരതപ്പുഴയ്ക്കും റെയിൽവേ ഗേറ്റിനു കുറുകെ മേൽപ്പാലം എന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ് 2020ൽ പാലത്തിന്റെ നിർമാണത്തിന് ബജറ്റിൽ 20 കോടി രൂപ ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. പിന്നീട് വന്ന ബജറ്റുകളിൽ മിണ്ടാട്ടമില്ലാത്തതിനാൽ മേൽപാലത്തിന്റെ സാധ്യത മങ്ങുകയാണ്. റെയിൽവേയുടെ അനുമതിക്കായി അപേക്ഷിക്കാൻ സാങ്കേതിക നടപടി ഏറെയുള്ളതിനാൽ പാലത്തിന്റെ നിർമാണത്തിന് സംസ്ഥാന സർക്കാർ ഗൗരവമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.