കല്പാത്തി രഥോത്സവത്തിനു ഇന്നു കൊടിയേറും
1467107
Thursday, November 7, 2024 1:57 AM IST
പാലക്കാട്: കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിൽ രഥോത്സവത്തിനു ഇന്നു കൊടിയേറും. ചടങ്ങുകൾക്കു ഇന്നലെ തുടക്കമായി.
വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ദേവസ്വം, മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്പാത്തി ശ്രീലക്ഷ്മീ നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പ്രത്യേകമായി വാസ്തു ഹോമം- ബലി - ശാന്തി എന്നിവ നടന്നു.
ഇന്നുമുതൽ എല്ലാ ദിനങ്ങളിലും ക്ഷേത്രങ്ങളിൽ ഉത്സവപൂജകളും വൈകുന്നേരം ഗ്രാമവീഥികളിലൂടെ എഴുന്നെള്ളത്തുകളും നടക്കും.
ഉത്സവത്തിന്റെ അഞ്ചാം ദിനമായ 11 ന് അർധരാത്രി ചെറുരഥങ്ങളിൽ അലങ്കരിച്ച ക്ഷേത്രദേവതകളുടെ സംഗമം നടക്കും. 13, 14, 15 തീയതികളിലാണ് രഥപ്രയാണങ്ങൾ. 15ന് വൈകുന്നേരമാണ് ജനസാഗരത്തെ സാക്ഷിനിർത്തിയുള്ള ദേവരഥസംഗമം.
മുന്നൊരുക്കങ്ങൾ വിലയിരുത്തി
പാലക്കാട്: രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുളള മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ നേതൃത്വത്തിൽ ചേംബറിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടുത്തി അവലോകനയോഗം ചേർന്നു.
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയിൽ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തുമെന്നു ജില്ലാകളക്ടർ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ ക്ഷേത്രകമ്മിറ്റികൾക്ക് ജില്ലാകളക്ടറേയോ ജില്ലാ പോലീസ് മേധാവിയേയോ നേരിട്ടു ബന്ധപ്പെടാമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു.രഥംസഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ സമയബന്ധിതമായി നിർവഹിക്കാൻ കളക്ടർ മുനിസിപ്പാലിറ്റി അധികൃതർക്കു നിർദേശം നൽകി.
ഗതാഗതനിയന്ത്രണത്തിൽ കൃത്യമായ ആക്്ഷൻ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡായതിനാൽ 20 ഇടങ്ങളിൽ സിസി ടിവി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തിൽഅറിയിച്ചു.
എഎസ്പി അശ്വതി ജിജി, ഡിവൈഎസ്പി വിജയകുമാർ, പാലക്കാട് തഹസിൽദാർ കെ. മുഹമ്മദ് റാഫി, പാലക്കാട് നഗരസഭാ സെക്രട്ടറി അൻസൽ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.