അമിത വൈദ്യുതിബി​ൽ: വയോധികയുടെ ഒറ്റമുറി വീടിന്‍റെ വൈ​ദ്യു​തിബ​ന്ധം പു​നഃസ്ഥാ​പി​ച്ചു
Sunday, June 16, 2024 3:35 AM IST
ഉപ്പുത​റ: ഒ​റ്റ​മു​റി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് ഭീ​മ​മാ​യ വൈ​ദ്യു​തി ബി​ൽ ല​ഭി​ക്കു​ക​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കെഎ​സ്ഇബി വൈ​ദ്യു​തിബ​ന്ധം പു​ന​ഃസ്ഥാ​പി​ച്ചു. വാ​ഗ​മ​ൺ വ​ട്ട​പ്പ​താ​ൽ കു​രു​വി​ള വീ​ട്ടി​ൽ അ​ന്ന​മ്മ​യ്ക്ക് അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വൈ​ദ്യു​തിബി​ൽ ക​ഴി​ഞ്ഞ മാ​സം പ​തി​ന​ഞ്ചാം തീ​യ​തി​യാ​ണ് ല​ഭി​ച്ച​ത്. 49170 രൂ​പ​യു​ടെ ബി​ല്ലാ​ണ് അ​ന്ന​മ്മ​യ്ക്ക് കി​ട്ടി​യ​ത്.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മാ​യാ സു​ജി ആ​ദ്യ ഗ​ഡു​വാ​യ 1584 രൂ​പ അ​ട​ച്ച​തോ​ടെ​യാ​ണ് വൈ​ദ്യു​തിബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ 584 രൂ​പ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ ബി​ല്ലാ​ണ്. ഭീ​മ​മാ​യ വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​തോ​ടെ അ​ന്ന​മ്മ കെഎ​സ്ഇബി പീ​രു​മേ​ട് സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് മോ​ശ​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ന്ന​മ്മ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​രാ​തി കെഎ​സ്ഇ​ബി ക​ൺ​സ്യൂമ​ർ ഗ്രീ​വ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ബാ​ക്കി തു​ക അ​ട​യ്‌​ക്കേ​ണ്ട​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഫോ​റ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

അ​ന്ന​മ്മ​യ്ക്ക് അ​മി​തബി​ൽ കി​ട്ടി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടു​ക​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് അ​ട​ക്കം പ​രാ​തി​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽപ്പെട്ട​തി​നെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വ​കു​പ്പ് മ​ന്ത്രി ഇ​ട​പെ​ടു​ക​യും കെഎ​സ്ഇബി തൊ​ടു​പു​ഴ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​റി​ൽനി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങു​ക​യും ചെ​യ്തു.

മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടും വൈ​ദ്യു​തി പു​ന​ഃസ്ഥാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ഇഎ​ൽസിബി സ്ഥാ​പി​ക്ക​ണ​മെ​ന്നും വീ​ട്ടി​ലെ വ​യ​റി​ംഗിൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും കെഎ​സ്ഇബി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള പ​ണ​വും മെ​ംബറാ​ണ് മു​ട​ക്കി​യ​ത്.

അ​മി​ത ബി​ൽ കി​ട്ടി​യ സം​ഭ​വ​ത്തി​ൽ കെഎ​സ്ഇബി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രിക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.