ചങ്ങനാശേരി നിയോജകമണ്ഡലത്തെ സൈബര്‍ ക്രൈം ഫ്രീ സോണാക്കാന്‍ മീഡിയാ വില്ലേജിന്റെ സൈബര്ഷീല്ഡ് പദ്ധതി
1465130
Wednesday, October 30, 2024 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നിയോജക മണ്ഡലത്തെ സൈബര്‍ ക്രൈം ഫ്രീ സോണാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റേഡിയോ മീഡിയാ വില്ലേജിന്റെയും കോട്ടയം ജില്ലാ പോലീസിന്റെയും നേതൃത്വത്തില്‍ ചങ്ങനാശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സൈബര്‍ ഷീല്‍ഡ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജനകീയ കാമ്പയിന് പദ്ധതിക്കു തുടക്കമായി.
ജോബ് മൈക്കിള്‍ എംഎല് എ ഉദ്ഘാടനം ചെയ്തു. മീഡിയാ വില്ലേജില്‍ നടന്ന പൊതുസമ്മേളനത്തില്‍ റേഡിയോ മീഡിയാ വില്ലേജ് സ്റ്റേഷന് ഡയറക്ടര്‍ ഫാ. ആന്റണി എത്തക്കാട് അധ്യക്ഷനായിരുന്നു.
സന്ധ്യാ ഗിരീഷ് രചിച്ച് ഗിരീഷ് ദേവ് ഈണം നല്കി ആലപിച്ച സൈബര്‍ ഷീല്‍ഡ് കാമ്പയിന് തീം സോംഗ് ഡിവൈഎസ്പി എ.കെ. വിശ്വനാഥന് പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ കുമാരി, പോലീസ് എസ്എച്ച്ഒ വിനോദ് കുമാര്‍, മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസിന് സൈബര്‍ ക്രൈം വിഭാഗം പോലീസ് ഓഫീസര്‍ സി.എസ്. അരുണ്‍കുമാര്‍ നേതൃത്വം നല്കി.
റിസോഴ്സ് ടീം രൂപീകരണവും പരിശീലനവും സ്കൂള്‍ കോളജ് പഞ്ചായത്ത് തലങ്ങളില്‍ ബോധവത്കരണ സെമിനാറുകള്‍, കലാജാഥകള്‍, മത്സരങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണ വീഡിയോ , റേഡിയോ പരിപാടികള്‍, ജിംഗിള്‍സ് എന്നിങ്ങനെയുള്ള കര്‍മ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്നത്.