ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്: നാലു പരാതികള്‍ തീര്‍പ്പാക്കി
1465632
Friday, November 1, 2024 6:13 AM IST
കോട്ടയം: ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദീന്‍ കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ സിറ്റിംഗ് നടത്തി. ഏഴു ഹര്‍ജികള്‍ പരിഗണിച്ച സിറ്റിംഗില്‍ നാലെണ്ണം തീര്‍പ്പാക്കി.
മൂന്നു കേസുകള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി. എസ്ബിഐ കോടിമത ബ്രാഞ്ചില്‍നിന്നു മകനുവേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ പണമടച്ചു തീര്‍ത്തിട്ടും ഈടായി നല്കിയ വസ്തുവിന്റെ ആധാരം മടക്കിനല്കിയില്ലെന്ന കോട്ടയം ഈരയില്‍ക്കടവ് സ്വദേശിയുടെ പരാതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ആധാരം ബാങ്ക് മടക്കി നല്‍കണമെന്ന് കമ്മീഷന് ഉത്തരവിട്ടു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കം സംബന്ധിച്ചു കോട്ടയം മുട്ടപ്പള്ളി സ്വദേശി നല്കിയ പരാതി, കാഞ്ഞിരപ്പള്ളി നൈനാര്‍ സെന്‍ട്രല്‍ ജമാ അത്ത് പള്ളി പരിപാലന സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നല്കിയ പരാതി, എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിച്ചില്ലെന്നു കാട്ടി മുണ്ടക്കയം സ്വദേശി നല്കിയ പരാതി എന്നിവയും സിറ്റിംഗില്‍ തീര്‍പ്പാക്കി.