എരുമേലി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു
1465374
Thursday, October 31, 2024 5:46 AM IST
കോൺഗ്രസിലെ സുബി സണ്ണി ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റ്
എരുമേലി: എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച് ഒരു തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച സുബി സണ്ണി ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി നിന്ന് വിജയിച്ചു. പഞ്ചായത്തിൽ ഇന്നലെ നടന്നത് നാലാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്.
കോൺഗ്രസ് സ്ഥാനാർഥി ലിസി സജിക്കെതിരേ കോൺഗ്രസിലെ സുബി സണ്ണി മറുകണ്ടം ചാടി എതിരാളിയായതോടെ കോൺഗ്രസിന് വിജയിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. ഇടതുപക്ഷത്തിനൊപ്പം തന്റെ വോട്ടിന്റെ പിൻബലത്തിൽ സുബി സണ്ണി ജയിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 23 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തെ 11 വോട്ടുകളും സ്വന്തം വോട്ടും ഉൾപ്പടെ 12 വോട്ടുകൾ സുബി നേടി.
11 അംഗങ്ങളുള്ള കോൺഗ്രസിൽ സുബി ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ 10 അംഗങ്ങൾ ആയി ചുരുങ്ങി. ഈ പത്ത് വോട്ടുകളും സ്വതന്ത്രനായ ഇ.ജെ. ബിനോയിയുടെ വോട്ടും ഉൾപ്പടെ 11 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി ലിസിക്ക് ലഭിച്ചു. 23 അംഗ ഭരണസമിതിയിലെ മുഴുവൻ പേരും വോട്ടെടുപ്പിൽ പങ്കെടുത്തു.
രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്കും വോട്ടെടുപ്പിനും വരണാധികാരിയായി കാഞ്ഞിരപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വി. മുഹമ്മദ് നേതൃത്വം നൽകി.
ഒരുവർഷം മുമ്പ് സുബി സണ്ണി പ്രസിഡന്റായപ്പോൾ ഒപ്പം ചേർന്നുനിന്നത് കോൺഗ്രസ് അംഗങ്ങളായിരുന്നു. പ്രസിഡന്റായിരിക്കേ സുബി സണ്ണിക്കെതിരേ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതും അവിശ്വാസപ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷമായിരുന്നു.
രാഷ്ട്രീയത്തിൽ സ്ഥിരമായി എതിരാളികളില്ല: ഇടതുപക്ഷം
അതേസമയം, രാഷ്ട്രീയത്തിൽ സ്ഥിരമായി എതിരാളികൾ ഇല്ലെന്നും ഉചിതമായ സമയത്ത് ശരിയായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ സുബിയെ പിന്തുണച്ചതിന് പിന്നിലെന്നും ഇടതു നേതാക്കൾ പറഞ്ഞു.
സുബിയെ അയോഗ്യയായി പ്രഖ്യാപിക്കണം: കോൺഗ്രസ്
സുബി സണ്ണിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കുമെന്നും പാർട്ടി വിപ്പ് ലംഘനം കൂറുമാറ്റമായി കണക്കാക്കി അയോഗ്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടനെ സമീപിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അറിയിച്ചു.
കോൺഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്ന് സുബി സണ്ണി
കഴിഞ്ഞ ദിവസം പമ്പാവാലി എക്കോ ഡെവലപ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം തന്നെ വഞ്ചിച്ചത് മൂലമാണ് പഞ്ചായത്ത് ഭരണത്തിൽ ഇടതുപക്ഷ പിന്തണയോടെ പ്രസിഡന്റ് ആയതെന്ന് സുബി സണ്ണി പറഞ്ഞു.
എന്നാൽ, പമ്പാവാലിയിൽ നടന്ന ഇഡിസി തെരഞ്ഞെടുപ്പ് രാഷ്ട്രീയമായിട്ടല്ലെന്നും കഴിഞ്ഞമാസം ആറിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുബി പഞ്ചായത്ത് പ്രസിഡന്റ് ആകാനുള്ള മോഹം പരസ്യമായി പ്രകടിപ്പിച്ചതാണെന്നും അധികാര മോഹമാണ് സുബിയുടെ കൂറുമാറ്റത്തിന്റെ യഥാർഥ കാരണമെന്നും എയ്ഞ്ചൽവാലി വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ മാത്യു ജോസഫ് ആരോപിച്ചു.