ശബരിമല തീർഥാടനം: എരുമേലിയിൽ അവലോകന യോഗങ്ങൾ ഇന്ന്
1465619
Friday, November 1, 2024 5:51 AM IST
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം 16ന് ആരംഭിക്കുന്നതിന് മുന്നോടിയായി ശുചിത്വം, മാലിന്യസംസ്കരണം, വില ഏകീകരണം ഉൾപ്പെടെ ക്രമീകരണങ്ങൾ നടത്തുന്നതിനായി തദ്ദേശ സ്ഥാപനതല അവലോകന യോഗങ്ങൾ ഇന്ന് പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 11ന് ആദ്യ യോഗം തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിലും വൈകുന്നേരം നാലിന് സബ് കളക്ടറുടെ അധ്യക്ഷതയിലുമാണ് യോഗങ്ങൾ ചേരുക.
മാലിന്യസംസ്കരണ ക്രമീകരണങ്ങൾക്ക് കർമപദ്ധതി തയാറാക്കി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ എരുമേലിയിൽ നടപ്പിലാക്കണമെന്ന് കഴിഞ്ഞയിടെ ജില്ലാ കളക്ടർ കോട്ടയത്ത് വിളിച്ചുചേർത്ത മുന്നൊരുക്ക യോഗത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് ഇന്ന് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.
സീസണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പാർക്കിംഗ് സൗകര്യത്തിനായി എരുമേലി ടൗണിന് സമീപത്തെ ഹൗസിംഗ് ബോർഡ് വക സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം എരുമേലിയിൽ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്ന് വൈകുന്നേരം സബ് കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.
പേട്ടതുള്ളലിന് ഉപയോഗിക്കുന്ന പാഴ്വസ്തുക്കളിൽ നിർമിക്കുന്ന സാധനങ്ങൾക്ക് വില ഏകീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് റവന്യുവകുപ്പ് അറിയിച്ചു.