പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍
1465372
Thursday, October 31, 2024 5:46 AM IST
കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു.
ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ പരാതി നല്‍കിയത്. വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പല സ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നും മാറ്റി മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു.
സര്‍ക്കാര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം നടന്ന മണര്‍കാട് ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തത് നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ യോഗങ്ങളില്‍ നിന്നാണ് സ്ഥലം എംഎല്‍എയും സംഘാടക സമിതി രക്ഷാധികാരിയും കൂടിയായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്.
ഭിന്നശേഷി കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാന വേദിയിലെത്തിയ ചാണ്ടി ഉമ്മന്‍ പ്രതിഷേധ സൂചകമായി സദസില്‍ ഇരുന്നു. സംഘാടകര്‍ സ്റ്റേജിലേക്ക് ക്ഷണിച്ചുവെങ്കിലും നിരസിച്ചു. അതേസമയം, കലോത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ നടന്ന സമ്മേളനത്തില്‍ എംഎല്‍എ ഉദ്ഘാടകനായി പങ്കെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒന്നുകൂടി ബന്ധപ്പെട്ട് പരാതി ഉന്നയിക്കും. തുടര്‍ന്നും അവഗണനയും ഒഴിവാക്കലുമാണെങ്കില് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആംഭിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ദീപികയോടു പറഞ്ഞു.
കൂരോപ്പട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന വേളയിൽ റവന്യു മന്ത്രിയോടും പരാതി പറഞ്ഞിരുന്നു.