മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അനക്സ്: പോര് മുറുകുന്നു
1465120
Wednesday, October 30, 2024 7:12 AM IST
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അനക്സ് കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ പോര് മുറുകുന്നു. എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി അടിസ്ഥാനമില്ലാത്ത പ്രസ്താവന നടത്തുന്നുവെന്ന് അറിയിച്ചു മോന്‍സ് ജോസഫ് എംഎല്‍എയും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത്.
തങ്ങള്‍ക്ക് വിട്ടു തന്നിരുന്നെങ്കില്‍ നേരത്തെ കെട്ടിടം പണി പൂര്ത്തിയാക്കുമായിരുന്നുവെന്ന എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രസ്താവനയാണ് യുഡിഎഫിനെയും എംഎല്‍എയെയും ചൊടിപ്പിച്ചത്. മണ്ണാറപ്പാറ ജംഗ്ഷനില്‍ മാഞ്ഞൂര്‍ പഞ്ചായത്താഫീസ് അനക്സ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കപടതന്ത്രവുമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയും ആരോപിച്ചു.
2019ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനു ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി നല്കിയ പദ്ധതി അംഗീകരിച്ചുകൊണ്ടാണ് മോന്‍സ് ജോസഫ് എംഎല്‍എ ഒരു കോടി രൂപ അനുവദിച്ചു പഞ്ചായത്ത് ഓഫീസ് അനക്സ് ബില്‍ഡിംഗിന്റെ ആദ്യഘട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
2020 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കെട്ടിടം പൂര്‍ത്തിയാക്കാനാവശ്യമായ ബാക്കി ഫണ്ട് കണ്ടെത്താന്‍ യാതൊരു പരിശ്രമവും നടത്തിയില്ല. ഇതാണ് കെട്ടിടനിര്‍മാണം മുടങ്ങാന്‍ കാരണമായതെന്ന് യുഡിഎഫ് മണ്ഡലം ചെയര്മാന് ബിനോ സഖറിയാസും കണ്‍വീനര്‍ സി.എം. ജോര്‍ജും പറഞ്ഞു.
പിന്നീട് യുഡിഎഫ് നേതാക്കള്‍ ആവശ്യപെട്ടതിനെ തുടര്‍ന്നാണ് മോന്‍സ് ജോസഫ് രണ്ടാംഘട്ടമായി 20 ലക്ഷം രൂപ കൂടി അനുവദിച്ചത്. രണ്ടാംഘട്ട എംഎല്‍എ ഫണ്ട് വിനിയോഗിച്ചിട്ടും കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എംഎല്‍എയുടെ കുറ്റമല്ലെന്നും കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കാത്തത് കൊണ്ടാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
രണ്ട് എംപിമാരും ജില്ല, ബ്ലോക്ക്, പഞ്ചായത്ത് സമിതികളെല്ലാം ഇടതുപക്ഷമായിന്നെങ്കിലും പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടപടിയുണ്ടായില്ലെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
അനുവദിച്ച ഫണ്ട് പോരെങ്കിൽ പറയണമെന്ന്: മോൻസ് ജോസഫ്
കുറുപ്പന്തറ: പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് എംഎല്‍എ ഫണ്ട് ഇപ്പോള്‍ അനുവദിച്ചത് പോരെങ്കില്‍ എത്രയാണ് ആവശ്യമെന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
അന്തിമഘട്ടനിര്മാണത്തിന് എത്ര തുക വേണ്ടിവരുമെന്ന് പരിശോധിച്ചത് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്റെ നിര്‍ദേശ പ്രകാരം ഉഴവൂര്‍ ബ്ലോക്ക് എൻജിനീയറിംഗ് വിഭാഗമാണ്.
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തനിക്കും പഞ്ചായത്ത് കമ്മിറ്റിക്കും ലഭിച്ചതിനെ തുടര്‍ന്നാണ് ചോദിച്ച മുഴുവന്‍ തുകയും അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.