വിശുദ്ധ പത്താം പീയൂസിന്റെ അള്‍ത്താരയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് കോട്ടയം അതിരൂപത പ്രതിനിധികള്‍
1465114
Wednesday, October 30, 2024 6:59 AM IST
കോട്ടയം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ്പിന് അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പരിശുദ്ധ സിംഹാസനത്തിന് നിവേദനം സമര്‍പ്പിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായി റോം സന്ദര്‍ശിക്കുന്ന അതിരൂപത പ്രതിനിധികള്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്താം പീയൂസിന്റെ അള്‍ത്താരയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോണ്‍. ജോജി വടക്കേക്കര, ഫാ. പ്രിന്‍സ് മുളകുമറ്റം, ഫാ. തോമസ് ചാണപ്പാറയില്‍, ഫാ. തോമസ് കൊച്ചുപുത്തന്‍പുര, ഫാ. ജിതിന് വല്ലാര്‍കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി.
വത്തിക്കാനിലുള്ള അതിരൂപതാംഗങ്ങളായ വൈദികരും സമര്‍പ്പിതരും വൈദിക വിദ്യാര്‍ഥികളും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, അതിരൂപത പിആര്‍ഒ അഡ്വ. അജി കോയിക്കല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.