നാട്ടുകാരോട് ഇങ്ങനെ ചെയ്യാമോ? ഹരിതകർമസേന സംഭരിച്ച മാലിന്യം റോഡരികിൽ
1465110
Wednesday, October 30, 2024 6:59 AM IST
ഏറ്റുമാനൂർ: ഹരിത കർമസേന വീടുകളിൽനിന്നു ശേഖരിച്ച അജൈവമാലിന്യം ആഴ്ചകളായി റോഡരികിൽ. വീടുകളുടെ ഗേറ്റിനോടു ചേർന്ന് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ തള്ളിയിരിക്കുന്ന മാലിന്യം വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ ശല്യമാകുന്നു. ഏറ്റുമാനൂർ നഗരസഭ 34 -ാം വാർഡിൽ ശക്തിനഗർ റോഡിലാണ് സംഭവം.
കഴിഞ്ഞ സെപ്റ്റംബർ 28ന് വീടുകളിൽനിന്നു ശേഖരിച്ച് റോഡരികിൽ വച്ച മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്ന് ശക്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ നഗരസഭാ സെക്രട്ടറിക്കു നൽകിയ പരാതിയിൽ പറയുന്നു. മാലിന്യം തെരുവുനായ്ക്കൾ വലിച്ച് റോഡിൽ നിരത്തുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഒരു മാസം മുമ്പ് ശേഖരിച്ച മാലിന്യം നീക്കം ചെയ്യാതെ കഴിഞ്ഞദിവസം വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യവും ഇവിടെത്തന്നെ ഹരിതകർമസേന തള്ളിയതായി പരാതിയിൽ പറയുന്നു.
ഹരിത കർമസേനയ്ക്ക് പ്രതിമാസം ഫീസ് നൽകുന്ന തങ്ങളോടുതന്നെ ഈ ചതി വേണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഉടനടി നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുന്നില്ലെങ്കിൽ തുടർന്ന് ഹരിതകർമസേനയോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
എല്ലാ വാർഡിലും ഇങ്ങനെ തന്നെ
ഇത് ഒരു വാർഡിലെ മാത്രം പ്രശ്നമല്ലെന്നും നഗരസഭയിലെ എല്ലാ വാർഡുകളിലും സമാന സ്ഥിതിവിശേഷമാണെന്നും 34-ാം വാർഡ് കൗൺസിലർ ഉഷ സുരേഷ് പറഞ്ഞു. ഹരിത കർമസേന സംഭരിക്കുന്ന ജൈവേതര മാലിന്യങ്ങൾ ക്ലീൻ കേരള മിഷനാണ് നഗരസഭ കൈമാറുന്നത്.
ക്ലീൻ കേരള മിഷൻ ഇപ്പോൾ മാലിന്യങ്ങൾ കൊണ്ടുപോകുന്നില്ല. ഇതേത്തുടർന്ന് നഗരസഭയുടെ സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞു കവിഞ്ഞതാണ് മാലിന്യം റോഡരികിൽ കൂട്ടിവയ്ക്കാൻ കാരണമായതെന്ന് ഉഷ സുരേഷ് പറയുന്നു.