കടയത്ത് റോഡിനു സംരക്ഷണഭിത്തിയില്ല; യാത്രക്കാർ അപകടഭീതിയിൽ
1465050
Wednesday, October 30, 2024 6:06 AM IST
പാലാ: തിരക്കേറിയ പാലാ-പൊന്‍കുന്നം റോഡില്‍ കടയം ഭാഗത്ത് റോഡിനു സംരക്ഷണഭിത്തിയില്ലാത്തതു യാത്രക്കാരെ അപകടഭീതിയിലാക്കുന്നു. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കേ പാതകളിലെ അപകടക്കെണികളൊഴിവാക്കാന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധവുമുയരുന്നുണ്ട്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. ശബരിമല സീസണില്‍ പ്രധാന ഇടത്താവളമായ കടപ്പാട്ടൂരില്‍ വിരിവച്ചു മലയാത്ര തുടരുന്നവര്‍ ആശ്രയിക്കുന്ന ഏക വഴിയാണിത്. തീര്‍ഥാടന കാലമാകുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം ആയിരക്കണക്കായി വര്‍ധിക്കും.
ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് അടുത്തകാലത്ത് ഉണ്ടായത്. അടുത്തിടെയും ഈ ഭാഗത്ത് ഒരു കാര്‍ തോട്ടിലേക്ക് മറിഞ്ഞിരുന്നു. റോഡിലെ അപകടഭീഷണി ഒഴിവാക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംരക്ഷണഭിത്തി നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ക്രാഷ് ബാരിയര്‍ ഉടനടി സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ സംരക്ഷണഭിത്തിയില്ലാത്ത റോഡില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഇല്ലാതാക്കണമെന്നു പരിസരവാസികളും ആവശ്യപ്പെടുന്നു.
പാലാ നഗരസഭയുടെ അതിര്‍ത്തിയിലുള്ള ഭാഗത്താണ് തോടിനു സംരക്ഷണഭിത്തിയില്ലാത്തത്. മുത്തോലി പഞ്ചായത്തും പാലാ നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഇവിടെ എത്രയും വേഗം സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനും ദേവസ്വംമന്ത്രി വി.എൻ. വാസവനും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു.