ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം
1585394
Thursday, August 21, 2025 6:40 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി പുതിയ സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടം ആറു മാസത്തിനകം യാഥാർഥ്യമാകും. 5.23 കോടി രൂപ ചെലവിൽ 15,000 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള കെട്ടിടം ഐടിഐ ജംഗ്ഷനു സമീപം നഗരസഭ 19-ാം വാർഡിലാണ് നിർമിക്കുന്നത്.
വർഷങ്ങളായി സ്ഥലപരിമിതിയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം ലഭിക്കുന്നത് വലിയൊരു മുന്നേറ്റമാണ്.
23 കിടക്കകളുള്ള ആശുപത്രിയിൽ ഒപി മുറികൾ, ഫാർമസി, സ്റ്റോർ റൂം, ശുചിമുറികൾ, പഞ്ചകർമ ചികിത്സാ സൗകര്യങ്ങൾ, ഡോക്ടർമാരുടെ മുറികൾ, അടുക്കള, മൾട്ടി പർപ്പസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
മന്ത്രി സജി ചെറിയാന്റെ പ്രത്യേക ഇടപെടലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വേഗത നൽകിയത്. ടൈൽ, സാനിറ്ററി, തടി, പെയിന്റിംഗ് ജോലികൾ, സ്റ്റെയർകേസ് വർക്കുകൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ എന്നിവ അതിവേഗം പൂർത്തിയാക്കി ആശുപത്രി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.