നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന്റെ ഓച്ചിറയിലെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു
1584991
Tuesday, August 19, 2025 11:35 PM IST
ആലപ്പുഴ: നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് ട്രെയിനിന്റെ ഓച്ചിറ സ്റ്റേഷനിലെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. ഓച്ചിറയില്‍ മുന്‍പുണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടത്. സ്റ്റോപ്പ് അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നേരത്തെ ട്രെയിന്‍ പാസഞ്ചറായിട്ടാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, പിന്നീട് എക്സ്പ്രസാക്കി ടിക്കറ്റ് നിരക്കും ഉയര്‍ത്തി.
ഓച്ചിറ സ്റ്റേഷനെ ഒഴിവാക്കി മറ്റു സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ച റെയില്‍വേയുടെ നടപടിക്കെതിരേയുള്ള യാത്രക്കാരുടെ ശക്തമായ പ്രതിഷേധം കെ.സി. വേണുഗോപാല്‍ എംപി മന്ത്രാലയത്തെയും മന്ത്രിയെയും അറിയിച്ചിരുന്നു. ജീവനക്കാരും വിദ്യാര്‍ഥികളുമടങ്ങുന്ന ദൈനംദിന യാത്രക്കാരായ പ്രദേശവാസികള്‍ക്ക് പുറമേ ഓച്ചിറ ക്ഷേത്രം, അമൃതാനന്ദമയി മഠം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നവരും പ്രധാനമായി ആശ്രയിക്കുന്ന സ്റ്റേഷനാണ് ഓച്ചിറ.
കൂടാതെ കരുനാഗപ്പള്ളിയില്‍ കോവിഡ് സമയത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും കെ.സി. വേണുഗോപാല്‍ എം പി റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.