വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
1584704
Monday, August 18, 2025 11:49 PM IST
അമ്പലപ്പുഴ: തനിച്ച് താമസിച്ചിരുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കണ്ടെത്തി.
പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ റംലത്തി(58)നെയാണ് ദുരൂഹസാഹചര്യത്തില്‍ ഞായറാഴ്ച മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഇവരുടെ നഷ്ടപ്പെട്ടെന്ന പറയുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍നിന്നു തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെത്തി.
മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതാണെങ്കില് വിരലടയാളങ്ങളോ ശരീരത്ത് പാടുകളോ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് പോലീസ് പറയുന്നത്.
ആന്തരീകാവയവങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദമായ പരിശോധനയ്ക്കു ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.
വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. വീടിന്റെ അടുക്കളവാതില്‍ തുറന്നുകിടന്നിരുന്നു. മുറിക്കുള്ളിലും മൃതദേഹത്തിനരികിലും മുളകുപൊടി വിതറിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നത്. അയല്‍വാസികളുമായി അധികം അടുപ്പമില്ലാത്ത ഇവര്‍ ശനിയാഴ്ച രാത്രി 11ന് വീടിനു മുമ്പില്‍ നില്‍ക്കുന്നത് കണ്ടവരുണ്ട്.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തോട്ടപ്പള്ളി ഒറ്റപ്പന മുസ്ലിം ജമാ അത്ത് ഖബറിടത്തിൽ സംസ്കരിച്ചു. കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ സിഐ പ്രതീഷിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.