ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംപി
1584468
Sunday, August 17, 2025 11:31 PM IST
ആലപ്പുഴ: കേരളത്തിലെ ദേശീയപാതകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ അഥോറിറ്റി ചെയര്‍മാനോടും പാതകളിലെ തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കത്തു നല്കി.
എല്ലാ സര്‍വീസ് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കിയും അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണനാ പാതകള്‍ ഒരുക്കിയും സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന എല്ലാ എന്‍എച്ച്എഐ നിര്‍മാണങ്ങളിലും കര്‍ശനമായ സുരക്ഷാനടപടികള്‍ പാലിക്കണം. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങളിലേക്കുള്ള വഴികളിലെ ഗതാഗത തടസം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
എറണാകുളം-തുറവൂര്‍, ഇടപ്പള്ളി-തൃശൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തുടര്‍ച്ചയായ മഴയും അതിനെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സ്ഥിതി കൂടുതല്‍ വഷളാക്കി. സര്‍വീസ് റോഡുകള്‍ പരിപാലിക്കുന്നതിലും ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും നിര്‍മാണ പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും എന്‍എച്ച്എഐ പരാജയപ്പെട്ടെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു.
കെ.സി. വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിര്‍മാണം നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലും എന്‍എച്ച്എഐയുടെ വീഴ്ചകള്‍ എടുത്തുകാണിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ട് ടോള്‍ പിരിവ് നാല് ആഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതെ ടോള്‍ പിരിക്കുന്നതിനെതിരേ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയും എന്‍എച്ച്എഐയെ ശാസിക്കുന്ന അവസ്ഥയുണ്ടായെന്നും എംപി ചൂണ്ടിക്കാട്ടി.