മുട്ടാര്‍ വീണ്ടും വെള്ളക്കെട്ടില്‍; വാഹനഗതാഗതവും നിലയ്ക്കാന്‍ സാധ്യത
1584703
Monday, August 18, 2025 11:49 PM IST
എടത്വ: മുട്ടാര്‍ വീണ്ടും വെള്ളക്കെട്ടില്‍. രണ്ടു ദിവസം മഴ പെയ്താല്‍ മുങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ മുട്ടാറ്റിലുള്ളത്. ഈ സീസണില്‍ നാലു വെള്ളപ്പൊക്കം അതീജീവിച്ച നാട്ടുകാർ വീണ്ടും ഒരുവെള്ളപ്പൊക്ക കെടുതിയിലാണ്.
മുട്ടാര്‍ ദീപാ ജംഗ്ഷനു സമീപം റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനഗതാഗതവും നിലയ്ക്കുന്ന അവസ്ഥയിലാണ്. വാഹനഗതാഗതം നിലയ്ക്കുന്നതോടെ ജനജീവിതം ദുഃസഹമായി തീരും. മുട്ടാര്‍ ജനത ഒറ്റപ്പെടുന്ന അവസ്ഥയാണ്. എസി റോഡിലേക്കോ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലേക്കോ കടക്കാനും കഴിയില്ല.
വെള്ളകെട്ടിന് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് മുട്ടാര്‍ ജനത ഒറ്റകെട്ടായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോഴാണ് വീണ്ടും വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. അരുമനാടിനായി ഒരുമിച്ചിടാം എന്ന പ്രഖ്യാപനം ഉയര്‍ത്തിയാണ് മുട്ടാറ്റിലെ ജനത ജാതി-മത-രാഷ്ട്രീയ വേര്‍തിരിവ് മറികടന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരച്ചിരിക്കുന്നത്.
മുട്ടാര്‍ സെന്‍ട്രല്‍ റോഡിലെ സൗഹ്യദയ ജംഗ്ഷന് മുതല്‍ കൈതത്തോടു വരെയുള്ള ഭാഗം ഉയര്‍ത്തി പണിയുക, മുട്ടാര്‍-മിത്രക്കരി ജീമംഗലം റോഡ് ഉയര്‍ത്തി ജീമംഗലം പാലം പണിയുക, മണിമലയാറ്റിലെയും ചെറുതോടുകളുടെയും ഇരുവശത്തുമുള്ള കാട് വെട്ടിത്തെളിച്ച് മണല്‍ നീക്കം ചെയ്ത് ആഴം കൂട്ടുക, എസി കനാല്‍ അടിയന്തരമായി തുറക്കുക, എസി റോഡിലെ കലുങ്കുകള്‍ തുറക്കുക, വേമ്പനാട്ടുകായലിലെ ജലത്തിന്റെ സംഭരണശേഷി വരധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ മുട്ടാര്‍ ജനത ഉന്നയിച്ചിരുന്നു. ആദ്യ നടപടിയായി ഭീമഹര്‍ജി മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍, എംഎല്‍എ, എംപി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു നല്‍കിയിരുന്നു.
രണ്ടാംഘട്ടത്തില്‍ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. അടുത്തവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ മുട്ടാര്‍ ജനത ഒറ്റപ്പെടാതെയും കുട്ടനാട്ടുകാര്‍ക്ക് വെള്ളപ്പൊക്ക ദുരിതത്തില്‍നിന്നു രക്ഷ ലഭിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പ്രസ്താവനയും പ്രതിഷേധവും പതിറ്റാണ്ടുകളായി മുറയ്ക്ക് നടക്കുന്നതല്ലാതെ നടപടി മാത്രം എങ്ങുമെത്തിയില്ല. മാറിമാറി വന്ന സര്‍ക്കാരോ തദ്ദേശ ഭരണാധികാരികളോ മുട്ടാറിലെ ദുരിതം മാറ്റാനുള്ള നടപടി സ്വീകരിച്ചില്ല. ഇതിനോടകം നിരവധി താമസക്കാര്‍ സ്ഥലം ഉപേക്ഷിച്ച് പോയിട്ടുണ്ട്.
കാലവര്‍ഷം തടങ്ങുന്നതോടെ മുട്ടാറിലെ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങളില്‍ എത്താന്‍ കഴിയാറില്ല. ഓരോ അധ്യായനവര്‍ഷവും നിരവധി ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് മുടങ്ങുന്നത്. വെള്ളപ്പൊക്ക സീസണില്‍ അടിയന്തര ചികിത്സാസഹായം ലഭിക്കേണ്ട രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മുട്ടാറ്റിലെ വെള്ളപ്പൊക്ക കെടുതി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ അടുത്ത തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മറന്ന് സഹകരിക്കാനാണ് മുട്ടാര്‍ ജനതയുടെ തീരുമാനം. സര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.