മഴ കനത്തു; അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു
1584464
Sunday, August 17, 2025 11:31 PM IST
എടത്വ: മഴ കനത്തോടെ അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തി പ്രാപിച്ചിട്ടുണ്ട്. കാലവർഷം ആരംഭിച്ച് അഞ്ചാം വട്ടമാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത്.
പുതുക്കരി-മുട്ടാർ റോഡുകളിലും വെള്ളം കയറി. പമ്പാ, മണിമല, അച്ചൻകോവിലാറുകളിൽ കലങ്ങിമറിഞ്ഞ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. നാലാം വട്ടം എത്തിയ വെള്ളപ്പൊക്ക ദുരിതം നീങ്ങുന്നതിനു മുൻപാണ് കാലവർഷം ശക്തി പ്രാപിച്ച് അടുത്ത വെള്ളം എത്തിയത്.
തുടർച്ചയായ വെള്ളപ്പൊക്കങ്ങളും കനത്ത മഴയും നിർമാണ-തൊഴിൽ മേഖലകളെ പൂർണമായും തളർത്തിയിട്ടുണ്ട്. ഓണം പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ തൊഴിൽ മേഖലകൾ അടയുന്നത് കനത്ത പ്രഹരമാണ് കുട്ടനാട്ടുകാരിൽ ഏൽപ്പിക്കുന്നത്.
കൃഷി സീസൺ കഴിഞ്ഞശേഷം കുട്ടനാട്ടിലെ കർഷകത്തൊ ഴിലാളികൾക്കു വേണ്ടത്ര തൊഴിൽ ലഭിച്ചിരുന്നില്ല. നിർമാണമേഖലയിലും മഴ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ദൈനംദിന ജീവിത പ്രതിസന്ധികൾക്കു പുറമേ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ നെഹ്റു ട്രോഫി ജലോത്സവത്തെ ബാധിക്കാനും ഇടയുണ്ട്. കഴിഞ്ഞ നെഹ്റുട്രോഫി ജലോത്സവത്തിലും ഇതേ പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു.