തൈക്കാട്ടുശേരി-തുറവൂർ പാലത്തിൽ ഗതാഗതനിയന്ത്രണം; കുരുക്കിൽ കുടുങ്ങി ജനം
1584469
Sunday, August 17, 2025 11:31 PM IST
പൂച്ചാക്കല്‍: ഗതാഗതനിയന്ത്രണം ജനത്തെ വലച്ചു. നൂറുണക്കിനു വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ശുദ്ധജലവിതരണ പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈനില്‍ തുറവൂര്‍- തൈക്കാട്ടുശേരി പാലത്തിനു സമീപം രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്നതിനായി ശനിയാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച രാവിലെ വരെ തൈക്കാട്ടുശേരി-തുറവൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതിനെത്തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്.
അരൂര്‍- തുറവൂര്‍ പാതയിലെ കുരുക്ക് അഴിക്കാന്‍ ആലപ്പുഴയില്‍നിന്നു എറണാകുളത്തേക്കു പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന പ്രധാന റോഡാണ് ഇത്. ഇതുവഴി ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക് യാത്രക്കാരെ വല്ലാതെ വലച്ചു. പൈപ്പ് അറ്റകുറ്റപ്പണി ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കി ഇതുവഴിയുള്ള ഗതാഗതം തുറക്കാനുള്ള ജോലികള്‍ പുരോഗമിച്ചു വരികയാണ്.
ചരക്കു വാഹനങ്ങളടക്കം ദേശീയപാതയിലൂടെ പോയതാണ് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്പ്പെടാന് കാരണം. ഇന്നലെ രാവിലെയും വൈകിട്ടുമായിരുന്നു ഗതാഗതക്കുരുക്ക്.
എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കുമ്പളം പാലത്തില്‍നിന്ന് അരൂര്‍ ക്ഷേത്രം കവല വരെ 1.5 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടിവന്നത് ഒന്നരമണിക്കൂര്‍. ഇതുമൂലം യാത്രക്കാര്‍ ഏറെ വലഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സന്ധ്യയോടെ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
അരൂര്‍ ക്ഷേത്രം കവലയില്‍ നിന്നു വടക്കോട്ട് ഗര്‍ഡറുകള്‍ സ്ഥാപിക്കലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വൈകിട്ട് തുടങ്ങിയ ശക്തമായ ഗതാഗതക്കുരുക്കിന് രാത്രിയായതോടെയാണ് അല്പം ശമനം ഉണ്ടായത്. ശക്തമായ മഴമൂലം ദുരിതം ഇരട്ടിയായി. ക്ഷേത്രം കവലയില്‍നിന്ന് അരൂക്കറ്റി പാലം വരെ എത്താന്‍ ഒരുമണിക്കൂറോളം പിന്നെയും വേണ്ടിവന്നു. അറ്റകുറ്റപ്പണി മൂലം ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തിയതറിയാതെ ഇതര ജില്ലകളില്‍ നിന്നെത്തിയ വാഹനങ്ങള്‍ക്ക് തിരിച്ചുപോകേണ്ടി വന്നു.